വിദേശതാരങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നു, തുറന്നടിച്ച് ബ്ലാസ്റ്റേഴ്‌സ് എസ്ഡി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒരു പുതിയ ലീഗ് ആയതുകൊണ്ട് തന്നെ വിദേശ താരങ്ങള്‍ പല ടീമുകളെയും സാമ്പത്തികമായി മുതലെടുക്കാന്‍ ശ്രമിക്കന്നതായി ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പടയുടെ വര്‍ക്കിംഗ് കമ്മിറ്റി പ്രതിനിധികളുമായി മാനേജ്മെന്റ് പ്രതിനിധികള്‍ നടത്തിയ വീഡിയോ മീറ്റിംഗിലാണ് സ്‌കിന്‍കിസ് ഈ ആരോപണം ഉന്നയിച്ചത്.
അത് ഒരിക്കലും അനുവദിക്കാന്‍ ആവുന്നതല്ലെന്നും കളിക്കാരുടെ യോഗ്യത അനുസരിച്ച് മികച്ച താരങ്ങളെ കൊണ്ടുവരാന്‍ തന്നെയാണ് ടീം ശ്രമിക്കുന്നതെന്നും സ്‌കിന്‍കിസ് പറയുന്നു.
വിദേശ താരങ്ങളുടെ നിലവാരത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ബ്ലാസ്റ്റേഴ്സ് തയ്യാറല്ലെന്നും അതേപോലെ തന്നെ ഭീമമായ തുക മുടക്കി കളിക്കാരെ കൊണ്ടുവരാനും ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കളിക്കാരനും ക്ലബ്ബിനെക്കാള്‍ വലുതല്ലെന്നും ക്ലബ്ബിന്റെ നിലനില്‍പ്പാണ് പ്രധാനമെന്നും സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.
ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയം കൊച്ചി തന്നെ ആയിരിക്കുമെന്നും എന്നാല്‍ പ്രീ-സീസണ്‍ ഉള്‍പ്പെടെ ഉള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ പല ഇടങ്ങളിലായി സംഘടിപ്പിക്കാന്‍ ടീം ആഗ്രഹിക്കുന്നുതായും മാനേജുമെന്റ് അറിയിച്ചു.
കൊച്ചിയില്‍ എത്താന്‍ സാധിക്കാത്തവരുടെ അടുത്തേക്ക് ടീം എത്തുക എന്ന ആശയമാണ് മാനേജുമെന്റിനുളളതെന്നും അധികൃതര്‍ വ്യക്തമാക്കി.