വലിയ പ്രഖ്യാപനം?, ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ക്ലബ് അധികൃതര്‍. നാളെ ഒരു സുപ്രധാന സൈനിംഗിനെ കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്ലബ്. ഇതോടെ നാളെ ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിക്കുന്ന താരം ആരെന്നറിയാനുളള ആകാംക്ഷയിലാണ് ആരാധകര്‍.

സോഷ്യല്‍ മീഡിയയിലൂടെ ചില സൂചനകള്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് പുറത്ത് വിടുന്നുണ്ട്. എന്നാല്‍ താരമാരെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയൊന്നും വന്നിട്ടില്ല.

ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് കഴിഞ്ഞ കുറച്ച് ദിവസമായിട്ട് ആഹ്ലാദകരമായ വാര്‍ത്തകളൊന്നും പുറത്ത് വന്നിരുന്നില്ല. ഇതോടെ ആരാധകരെല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തീര്‍ത്തും നിരാശയിലായിരുന്നു. ഇതിന് നാളത്തെ പ്രഖ്യാപനത്തോടെ അറുതിയാകും എന്ന വിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. ബ്ലാസ്‌റ്റേഴ്‌സ് ആരാധക ഗ്രൂപ്പുകളെല്ലാം സജീവമാകാനും ഈ ഒരു പ്രഖ്യാപനം കൊണ്ട് സാധിച്ചിട്ടുണ്ട്.

ഐഎസ്എല്‍ ഏഴാം സീസണിന് മുന്നോടിയായി ട്രാന്‍സ്ഫര് വിന്‍ഡോ തുറന്നിട്ട് നാല് ദിവസം പിന്നിട്ടിട്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്ത പോലും പുറത്ത് വന്നിട്ടില്ല. മറ്റ് ഐഎസ്എല്‍ ക്ലബുകളെല്ലാം വന്‍ താരനിരയിലെ സ്വന്തമാക്കി കഴിഞ്ഞിട്ടും ബ്ലാസ്റ്റേഴ്സിന്റെ ടീം ലൈനപ്പിനെ സംബന്ധിച്ച് അടിമുടി ആശങ്കയിലാണ് ആരാധകര്‍.

ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരങ്ങളായ സന്ദേഷ് ജിങ്കനും ഓഗ്ബെചെയുമെല്ലാം ടീം വിട്ടപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സമാധാനിച്ചത് ടീം മാനേജുമെന്റ് എന്തെങ്കിലും അത്ഭുതം കൊണ്ട് വരുമെന്നായിരുന്നു. എന്നാല്‍ ഒന്നിന് പിന്നാലെ ഒന്നായി നിരവധി സൂപ്പര്‍ താരങ്ങള്‍ ഇതിനോടകം ബ്ലാസ്റ്റേഴ്സുമായി ഗുഡ് ബൈ പറഞ്ഞ് മടങ്ങിയപ്പോള്‍ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത് ഇതുവരെ ഏതാനും ഇന്ത്യന്‍ ചെറുപ്പക്കാരാണ്. അതിനാല്‍ തന്നെ നാളത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ സൈനിംഗിനെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.