എംബാപ്പയെ മിനുക്കിയെടുത്ത പരിശീലകൻ ബ്ലാസ്റ്റേഴ്‌സിൽ, ഇത്തവണ കളി മാറും

Image 3
ISL

പുതിയ സീസണിലേക്ക് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സഹപരിശീലകരെ പ്രഖ്യാപിച്ചു. മൈക്കൽ സ്റ്റാറെക്കൊപ്പം നിന്നു ടീമിനെ മെച്ചപ്പെടുത്താൻ രണ്ടു സഹപരിശീലകരാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയിട്ടുള്ളത്. പതിവിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ എത്തിയിട്ടുള്ള പരിശീലകരിൽ ഒരാൾ സെറ്റ് പീസുകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്‌ദനാണ്.

സ്വീഡിഷ് പരിശീകനായ ബിയോൺ വെസ്‌ട്രോം, പോർച്ചുഗീസ് പരിശീലകനായ ഫ്രഡറികോ മൊറൈസ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സഹപരിശീലകരായി എത്തിയിട്ടുള്ളത്. ഇതിൽ അസിസ്റ്റന്റ് കോച്ചായി നിയമിക്കപ്പെട്ട വെസ്‌ട്രോം നിരവധി വർഷങ്ങളുടെ പരിചയസമ്പത്തുള്ള വ്യക്തിയാണ്. കോച്ചിങ്ങിനു പുറമെ സ്‌കൗട്ടിങ്, സ്പോർട്ടിങ് ഡയറക്റ്റർ, സിഇഒ എന്നീ പൊസിഷനുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പോർച്ചുഗീസ് പരിശീലകനായ ഫ്രഡറികോ മൊറൈസിന്റെ സൈനിങാണ് ആരാധകർ ആവേശത്തോടെ കാണുന്നത്. ബ്ലാസ്റ്റേഴ്‌സ് സെറ്റ് പീസുകൾ മികച്ചതാക്കുന്നതിനു വേണ്ടി സ്വന്തമാക്കിയിട്ടുള്ള പരിശീലകൻ മുൻപ് ഫ്രഞ്ച് ക്ലബായ മൊണോക്കോയിൽ ഉണ്ടായിരുന്നു. ആ സമയത്താണ് സൂപ്പർതാരം കിലിയൻ എംബാപ്പെ മൊണോക്കോ ടീമിൽ കളിച്ചിരുന്നത്. താരത്തിന്റെ ഉയർച്ചയിൽ ഒരു പങ്കു മൊറൈസിനും അവകാശപ്പെടാൻ കഴിയും.

സെറ്റ് പീസുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ വളരെ മോശമായിരുന്നു. അതുകൊണ്ടാണ് ഇത്തവണ ഒരു സെറ്റ് പീസ് പരിശീലകനെ തന്നെ നിയമിച്ചത്. അത് ടീമിന് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും പുതിയ പരിശീലകനും സഹപരിശീലകരും വലിയ പ്രതീക്ഷ നൽകുന്നതിനാൽ ആരാധകർ സീസൺ ആരംഭിക്കാൻ കാത്തിരിക്കുകയാണ്.