പുതിയ കോച്ചിനെ പ്രഖ്യാപിച്ചു, ബ്ലാസ്‌റ്റേഴ്‌സില്‍ ഇനി സെര്‍ബിയന്‍ അധിനിവേശം

ഐഎസ്എല്‍ എട്ടാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാന്‍ സെര്‍ബിയക്കാരനായ ഇവാന്‍ വുക്കുമാനോവിച്ച് എത്തും. സ്പാനിഷ് പരിശീലകന്‍ കിബു വികൂനയുടെ പിന്‍ഗാമിയായിട്ടാണ് ഇവാന്‍ വുക്കുമാനോവിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി സ്ഥാനമേല്‍ക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതെസമയം കേരളാ ബ്ലാസ്റ്റേഴ്‌സ് ഇതു വരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാവാന്‍ ഒരുങ്ങുന്ന പത്താമത്തെയാളാണ് ഇവാന്‍ വുക്കുമാനോവിച്ച്. സെര്‍ബിയന്‍ സ്വദേശിയായ വുക്കുമാനോവിച്ചിനെ പിശീലകനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.

2013ല്‍ ബെല്‍ജിയന്‍ ക്ലബ്ബായ സ്റ്റാന്‍ഡേഡ് ലീഗിന്റെ സഹപരിശീലകനായി കോച്ചിംഗ് കരിയര്‍ തുടങ്ങിയ വുക്കുമാനോവിച്ച്, സ്ലൊവാക് സൂപ്പര്‍ ലീഗ് ക്ലബ്ബായ സ്ലോവന്‍ ബ്രാറ്റിസ്ലാവ ക്ലബ്ബിനേയും പരിശീലിപ്പിച്ചു. ഏറ്റവും അവസാനം സൈപ്രിയറ്റ് ഒന്നാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ അപ്പോലണ്‍ ലിമാസോളിനെയാണ് ഈ നാല്‍പ്പത്തിമൂന്നുകാരന്‍ കളി പഠിപ്പിച്ചത്.

കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്ന അര്‍ജന്റൈന്‍ താരം ഫക്കുണ്ടോ പെരേര ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പ് വുക്കുമാനോവിച്ചിന് കീഴില്‍ അപ്പോളണ്‍ ലിമോസല്‍ ക്ലബ്ബില്‍ കളിച്ചിരുന്നു.

പരിശീലകനായി മികച്ച റെക്കോര്‍ഡുള്ള വുക്കുമാനോവിച്ച്, 2017ല്‍ സ്ലോവന്‍ ബ്രാറ്റിസ്ലാവയെ സ്ലൊവാക്യന്‍ കപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു. എന്നാല്‍ യൂറോപ്പ ലീഗ് യോഗ്യത ടീമിന് നേടിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ ക്ലബ്ബ് അദ്ദേഹവുമായി വേര്‍പിരിയുകയായിരുന്നു.

You Might Also Like