ഡീല്‍ ഡണ്‍, മുന്‍ പ്രീമിയര്‍ ലീഗ് സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സില്‍

മുന്‍ പ്രീമിയര്‍ ലീഗ് താരവും ഓസീസ് എ ലീഗിലെ വെല്ലിങ്ടണ്‍ ഫീനിക്സിലെ പ്രധാന കളിക്കാരനുമായ ഗാരി കൂപ്പറെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ഒരു വര്‍ഷത്തേക്കാണ് കൂപ്പറുമായുളള കരാര്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ടിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ബ്രിഡ്ജ് ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് നായകന്‍ ഓഗ്ബെചെ ക്ലബ് വിട്ടതിന് പിന്നാലെയാണ് പകരക്കാരനായ കൂപ്പറെ കേരള ക്ലബ് പരിഗണിക്കുന്നത്. നിലവില്‍ ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ വെല്ലിങ്ടണ്‍ ഫീനിക്സിനായി മികച്ച ഫോമില്‍ പന്ത് തട്ടുന്ന താരമാണ് കൂപ്പര്‍.

കഴിഞ്ഞ സീസണില്‍ വെല്ലിങ്ടണിനായി 21 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളും അഞ്ച് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എ ലീഗില്‍ വെല്ലിങ്ടണിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ ഈ 32കാരന്‍ സ്ട്രൈക്കര്‍ വലിയ പങ്കാണ് വഹിച്ചത്.

പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് വെനസ്‌ഡേ, നോര്‍വിച് സിറ്റി എന്നീ ക്ലബ്ബ്കള്‍ക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. കൂടാതെ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലും നിരവധി വര്‍ഷങ്ങളോളം കൂപ്പര്‍ പന്ത് തട്ടിയിട്ടുണ്ട്.

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കെല്‍റ്റികിന് വേണ്ടി കളിച്ച സമയത്താണ് അദ്ദേഹം കരിയരിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. കല്‍റ്റിക്കിനായി 130 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളും 30 അസിസ്റ്റുകളും കൂപ്പര്‍ സ്വന്തമാക്കിയിരുന്നു. അഞ്ഞൂറിനടുത്ത് ക്ലബ് മത്സരങ്ങളില്‍ നിന്ന് ഇരുന്നൂറിലധികം ഗോളുകള്‍ തന്റെ കരിയറില്‍ അദ്ദേഹം നേടിയിട്ടുണ്ട്.

You Might Also Like