എല്ലാം തലതിരിഞ്ഞ്, ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അസ്വസ്ഥതരാണ്, എസ്ഡിയെ വിശ്വസിച്ച്.

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിന് മുന്നോടിയായി ട്രാന്‍സ്ഫര് വിന്‍ഡോ തുറന്നിട്ട് നാല് ദിവസം പിന്നിട്ടിട്ടും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്ത പോലും പുറത്ത് വന്നിട്ടില്ല. മറ്റ് ഐഎസ്എല്‍ ക്ലബുകളെല്ലാം വന്‍ താരനിരയിലെ സ്വന്തമാക്കി കഴിഞ്ഞിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ ടീം ലൈനപ്പിനെ സംബന്ധിച്ച് അടിമുടി ആശങ്കയിലാണ് ആരാധകര്‍.

ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരങ്ങളായ സന്ദേഷ് ജിങ്കനും ഓഗ്‌ബെചെയുമെല്ലാം ടീം വിട്ടപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സമാധാനിച്ചത് ടീം മാനേജുമെന്റ് എന്തെങ്കിലും അത്ഭുതം കൊണ്ട് വരുമെന്നായിരുന്നു. എന്നാല്‍ ഒന്നിന് പിന്നാലെ ഒന്നായി നിരവധി സൂപ്പര്‍ താരങ്ങള്‍ ഇതിനോടകം ബ്ലാസ്‌റ്റേഴ്‌സുമായി ഗുഡ് ബൈ പറഞ്ഞ് മടങ്ങിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയത് ഇതുവരെ ഏതാനും ഇന്ത്യന്‍ ചെറുപ്പക്കാരാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൈനിംഗിനെ കുറിച്ചാണ് ആരാധകരുടെ ആശങ്ക മുഴുവനും. മുന്‍ കാലങ്ങളെ പോലെ അവസാനം കടലാസു പുലികളില്‍ ടീം അഭയം പ്രാപിക്കുമോയെന്നാണ് ആരാധകര്‍ പേടിക്കുന്നത്.

എടികെ മോഹന്‍ ബഗാന്‍ അവരുടെ ഏഴ് വിദേശ സൈനിംഗും ഏതാണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ മുംബൈ സിറ്റി എഫ്‌സിയും ഇതിനോടകം തന്നെ സുപ്രധാന താരങ്ങളെ സ്വന്തം നിരയിലെത്തിച്ചു കഴിഞ്ഞു. ബംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയും നിരവധി വിദേശ താരങ്ങളുമായി അന്തിമ ഘട്ട ചര്‍ച്ചയിലാണ്. ചില താരങ്ങളെ ഇതിനോടകം തന്നെ ഇരുക്ലബുകളും സൈന്‍ ചെയ്ത് കഴിയുകയും ചെയ്തിട്ടുണ്ട്.

ഐഎസ്എല്ലിലെ പുതുമുഖ ടീമുകളായ ഒഡീഷ എഫ്‌സിയുടേയും ഹൈദരാബാദ് എഫ്‌സിയുടെയും കഥ വ്യത്യസ്തമല്ല. ഓസ്‌ട്രേലിയന്‍ എ ലീഗില്‍ നിന്നടക്കം താരങ്ങളെ എത്തിക്കാനുളള തയ്യാറെടുപ്പിലാണ് ഈ ക്ലബുകള്‍. ഏറ്റവും ഒടുവില്‍ ജംഷഡ്പൂര് എഫ്‌സിയും പല സൂപ്പര്‍ താരങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ചില താരങ്ങള്‍ ഇതിനോടകം തന്നെ അവരുടെ ടീമിനൊപ്പം ചേരുമെന്നും ഉറപ്പായിട്ടുണ്ട്.

എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുമ്പോള്‍ എല്ലാത്തിനും അടിമുടി അവ്യക്തതയാണ്. ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തും എന്നത് തൊട്ട് ആരെയെല്ലാം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യത്തില്‍ പോലും ഒരു ഉറപ്പുമില്ല. സ്പാനിഷ് താരം സിഡോചയും കൊളംമ്പിയന്‍ ഒസ്വാള്‍ഡോ ഹെന്‍ക്വിസുമായി ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഏതാണ്ട് ഉറപ്പായ വിദേശ താരങ്ങള്‍. ഇതില്‍ ഒസ്വാള്‍ഡോയുടെ മെഡിക്കല്‍ ഇനിയും കഴിഞ്ഞിട്ടില്ലാത്തതിനാല്‍ താരം ബ്ലാസ്‌റ്റേഴ്‌സിലെത്തുമോയെന്നത് ഇപ്പോഴും കൈയ്യാലപ്പുറത്താണ്.

ആദ്യ ഘട്ടത്തില്‍ പോളിഷ് ലീഗില്‍ നിന്നുളള താരങ്ങളുടെ പേരെല്ലാം കേട്ടിരുന്നെങ്കിലും അതെല്ലാം വെറും റൂമറുകള്‍ മാത്രമായി അവസാനിക്കുകയായിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ പ്രതീക്ഷകളും നിലവിലെ സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസില്‍ അര്‍പ്പിച്ചിരിക്കുകയാണ് ആരാധകരിപ്പോള്‍. സ്‌കിന്‍കിസ് എന്തെങ്കിലും അത്ഭുതം ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും എന്ന പ്രതീക്ഷയാണ് അവരെ മുന്നോട്ട് നയിക്കുന്നത്. അപ്പോഴും സ്‌കിന്‍കിസ് കണ്ടെത്തുന്ന താരങ്ങള്‍ എത്രത്തോളം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പന്ത് തട്ടും എന്ന ആശങ്ക ആരാധകരുടെ മനസ്സിനുളളില്‍ ഉത്തരം കിട്ടാത്ത ചോദ്യമായി കിടക്കുന്നുണ്ട്.