ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ രഹസ്യായുധം, ചരിത്രമെഴുതുമോ ഈ താരം

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനായി കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ സ്വന്തമാക്കിയ താരങ്ങളിലൊരാളാണ് 24കാരനായ സന്ദീപ് സിംഗ്. കഴിഞ്ഞ ജനുവരിയിലാണ് സന്ദീപിനെ ബ്ലാസ്റ്റേഴ്സ് പുതിയ സീസണിനായി കൊച്ചിയിലെത്തിച്ചത്. ഐഎസ്എല്ലില്‍ അധികം അവസരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഒരുപക്ഷെ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പ് ചീട്ട് ഈ യുവതാരം ആയേക്കാം.

പ്രതിരോധ നിരയിലെ കഠിനാധ്വാനിയാണ് സന്ദീപ് സിംഗ്. ബ്ലാസ്റ്റേഴ്സ് താരം ജെസലിനെ പോലെ വിയര്‍പ്പൊഴുക്കി കളിക്കുന്ന താരത്തിന് ഇതുവരെ മാന്യമായ അവസരമൊന്നും കളിക്കളത്തില്‍ ലഭിച്ചിട്ടില്ല.

2018-19 സീസണില്‍ എടികെയില്‍ കളിച്ചതാണ് സന്ദീപ് സിംഗിന് ആകെയുളള ഐഎസ്എല്‍ അനുഭവം. ഒരു മത്സരം മാത്രമാണ് താരം കൊല്‍ക്കത്തന്‍ ടീമിനായി പന്ത് തട്ടിയത്. എന്നാല്‍ സീസണിന് ഒടുവില്‍ ഐലീഗ് രണ്ടാം ഡിവിഷനില്‍ നിന്ന് ഉയര്‍ന്ന് വന്ന ട്രായുവിലേക്ക് സന്ദീപ് കൂടുമാറി.

ട്രായുവില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ 24കാരന്‍ കാഴ്ച്ചവച്ചത്. 10 മത്സരങ്ങലില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയ ഈ പ്രതിരോധ താരം ലീഗില്‍ ട്രായുവിനെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുംവഹിച്ചു.

തുടര്‍ന്നാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സില്‍ ജിങ്കന്റെ അഭാവത്തില്‍ പ്രതിരോധ നിരയില്‍ സന്ദീപിന് അനന്തസാധ്യതയാണ് നിലനില്‍ക്കുന്നത്. ഇത് മുതലാക്കാന്‍ യുവതാരത്തിന് ആകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ഷില്ലോംഗ് ലജോങ്ങിലൂടെ കരിയര്‍ ആരംഭിച്ച സന്ദീപ് ലാങ്ഷിംഗ് എഫ്സിയിലും കളിച്ചിട്ടുണ്ട്, അവിടെനിന്നാണ് എടികെ താരത്തെ ടീമിലെടുത്തത്.