ബ്ലാസ്റ്റേഴ്‌സ് അഡ്മിന്‍ വീണ്ടും ‘ഫ്‌ളാറ്റ്’, പ്രഖ്യാപനത്തിന് മുമ്പേ താരത്തെ തിരിച്ചറിഞ്ഞ് ആരാധകര്‍

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് എല്ലാ ബുധനാഴ്ച്ചയും തങ്ങളുടെ ഒരു സൈനിംഗിനെ കുറിച്ച് പ്രഖ്യാപനം നടത്താറുണ്ട്. പതിവ് പോലെ വീണ്ടുമൊരു ബുധനാഴ്ച്ച വരാനിരിക്കെ പ്രഖ്യാപനമുണ്ടാകുമെന്ന് ഓര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് രംഗത്തെത്തിയിരുന്നു.

ഈ പോസ്റ്റില്‍ നാളെ പ്രഖ്യാപിക്കാന്‍ പോകുന്ന താരമാരെന്ന സൂചനയും ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ആ താരം ആരെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.

ഒളിപ്പിച്ച് വെച്ചിരിക്കുന്ന താരം സഹല്‍ അബ്ദുസമദാണെന്നാണ് ആരാധകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. സഹലിന്റെ ഫോട്ടോയാണ് ഈ പോസ്റ്ററിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

ഇതോടെ സഹലിന്റെ കരാര്‍ 2025 വരെ നീട്ടി എന്ന വാര്‍ത്തയാകും ബ്ലാസ്‌റ്റേഴ്‌സ് പുറത്ത് വിടുക എന്നാണ് ആരാധകരുടെ നിഗമനം. ആരാധകരുടെ കണ്ടെത്തല്‍ ശരിയായോ എന്നറിയാന്‍ നാളെ വൈകിട്ട് വരെ കാത്തിരുന്നേ മതിയാകു.

നേരത്തെ നിഷുകുമാറിന്റെ പ്രഖ്യാപനത്തിന് മുമ്പും ബ്ലാസ്റ്റേഴ്‌സ് സോഷ്യല്‍ മീഡിയ അഡ്മിന്‍ നല്‍കിയ സൂചന നിമിഷങ്ങള്‍ക്കകം ആരാധകര്‍ തിരിച്ചറിഞ്ഞിരുന്നു.