എല്‍ക്കോയില്‍ നിന്ന് ഞാനൊരുപാട് പഠിച്ചു, സഹല്‍ തുറന്ന് പറയുന്നു
കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷറ്റോരിയെ പ്രശംസകൊണ്ട് മൂടി മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ്. എല്‍ക്കോയ്ക്ക് കീഴില്‍ താന്‍ സന്തുഷ്ടനായിരുന്നു എന്ന് പറഞ്ഞ സഹല്‍ നിരവധി കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുകയും ചെയ്‌തെന്ന് സഹല്‍ വ്യക്തമാക്കുന്നു. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് സഹല്‍ ഇക്കാര്യം പറഞ്ഞത്.
‘ഒരു കളിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത് കോച്ചും അദ്ദേഹത്തിന്റെ തന്ത്രങ്ങളുമാണ്. കഴിഞ്ഞ സീസണിലെ എന്റെ പ്രകടനത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സ്ഥിരമായി എനിക്ക് കളിക്കാനായിരുന്നില്ല. അത് ടീമിന് വേണ്ടിയായിരുന്നു. ഞാന്‍ എന്റെ കോച്ചിന്റെ നിര്‍ദേശം പിന്തുടരുകയായിരുന്നു. എല്‍ക്കോ ഷറ്റോരിയ്ക്ക് കീഴില്‍ പഠിച്ച എല്ലാ കാര്യങ്ങളിലും ഞാന്‍ സന്തുഷ്ടനാണ്’ സഹല്‍ പറയുന്നു.
‘ആളുകള്‍ അവര്‍ക്ക് തോന്നുന്നതാണ് പറയുന്നത്. ഞാന്‍ അതെല്ലാം പോസിറ്റീവായി എടക്കുന്നു. കഴിഞ്ഞ സീസണില്‍ കോച്ചും മറ്റുളളവരും എനിക്ക് ചുറ്റും നല്ല നിര്‍ദേശങ്ങലുമായി കൂടെയുണ്ടായിരുന്നു. അതെന്റെ കളിയെ ഏറെ മെച്ചപ്പെടുത്തി എന്നാണ് ഞാന്‍ കരുതുന്നത്’ സഹല്‍ കൂട്ടിചേര്‍ത്തു.
നേരത്തെ കഴിഞ്ഞ സീസണില്‍ സഹല്‍ അബ്ദുസമദിനെ കോച്ച് എല്‍ക്കോ ഷറ്റോരി തഴഞ്ഞതായി നിരവധി ആരോപണങ്ങളുണ്ടായിരുന്നു. സഹലിന് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഷറ്റോരി പരിഗണിക്കാതിരുന്നതാണ് ആരാധകരെ രോഷാകുലരാക്കിയത്. ഇതാദ്യമായാണ് ഇക്കാര്യത്തില്‍ സഹല്‍ തന്റെ കൃത്യമായി നിലപാട് വ്യക്തമാക്കുന്നത്.
ഐഎസ്എല്ലില്‍ വിദേശതാരങ്ങളെ വെട്ടിക്കുറയ്ക്കുന്നതിന് ഗുണവും ദോഷവുമുണ്ടെന്നും സഹല്‍ വിലയിരുത്തുന്നു. നിലവാരമുളള വിദേശതാരങ്ങള്‍ക്കൊപ്പം കളിക്കുന്നത് ഇന്ത്യന്‍ താരങ്ങളുടെ വികനസനത്തിന് ഏറെ പ്രധാനപ്പെട്ടതാണെന്ന് പറയുന്ന താരം ഗ്രൗണ്ടില്‍ അത് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ നല്‍കുമെന്നും കൂട്ടിചേര്‍ത്തു.
വിദേശതാരങ്ങളുടെ എണ്ണം കുറയ്ക്കുന്നത് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ കാരണമാകുമെന്നും ഭാവിയില്‍ ഇത് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണകരമാകുമെന്നും സഹല്‍ വിലയിരുത്തുന്നു.