ഗോളടിച്ച് കൂട്ടാന്‍ ബ്ലാസ്റ്റേഴ്‌സില്‍ റൊണാള്‍ഡോയും, അത്ഭുത താരം ചരിത്രമെഴുതുമോ?
കേരള ബ്ലാസറ്റേഴ്‌സ് നിരയിലേക്ക് ഈ വര്‍ഷമെത്തിയ യുവ താരമാണ് റൊണാള്‍ഡോ ഒലിവെയ്ര. ചെറുപ്പത്തില തന്നെ തന്റെ പ്രതിഭ കൊണ്ട് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധപിടിച്ച് പറ്റിയ ഈ ഗോവന്‍ താരം ബ്ലാസ്‌റ്റേഴ്‌സിന്റെ റിസേര്‍വ്വ് ടീമിലാണ് നിലവില്‍ കളിയ്ക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിലെത്തി അഞ്ച് മത്സരം മാത്രം പിന്നിടുമ്പോഴേക്കും ആറ് ഗോളുകള്‍ ഈ മുന്നേറ്റ നിര താരം നേടിക്കഴിഞ്ഞു. ഭാവി ബ്ലാസ്‌റ്റേഴ്‌സ് സീനിയര്‍ ടീമില്‍ മുതല്‍കൂട്ടായി മാറും ഈ 22കാരന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഈസ്റ്റ് ബംഗാളില്‍ നിന്നാണ് റൊണാള്‍ഡോ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. കഴിഞ്ഞ ഐ ലീഗ് സീസണില്‍ നാല് മത്സരങ്ങള്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി റൊണാള്‍ഡോ കളിച്ചിരുന്നു. കഴിഞ്ഞ രണ്ടാം ഡിവിഷന്‍ ഐ ലീഗില്‍ അഞ്ച് മത്സരങ്ങള്‍ ഈ 22കാരന്‍ ആദ്യ പതിനൊന്നില്‍ ഉണ്ടായിരുന്നു. ബംഗളൂരു ഫ്.സി ബി ക്കെതിരെ നേടിയ ഇരട്ട ഗോള്‍ ഉള്‍പ്പെടെ 4 ഗോളുകള്‍ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നേടി.
കഴിഞ്ഞ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഗോവയുടെ ടീമില്‍ അംഗമാകാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞു. ടൂര്‍ണമെന്റില്‍ ഗോവ സെമി ഫൈനല്‍ വരെ എത്തിയിരുന്നു. സെമിയില്‍ ഗോവ പഞ്ചാബിനോട് തോറ്റപ്പോഴും റൊണാള്‍ഡോ ഒരു ഗോള്‍ സ്വന്തമാ്കിയിരുന്നു.
ഗോവയിലെ പ്രകടനം കണ്ടിട്ടാണ് ഈസ്റ്റ് ബംഗാളില്‍ നിന്ന് റൊണാള്‍ഡോയ്ക്ക് ക്ഷണം വന്നത്. അലക്‌സാണ്‍ഡ്രോ മെനെണ്ടെസിന് കീഴില്‍ 3 ആഴ്ച്ചത്തെ ട്രിയല്‍സിന് പങ്കെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞു. തുടര്‍ന്ന് റൊണാള്‍ഡോയുമായ് 3 വര്‍ഷത്തെ കരാര്‍ ഒപ്പിടാന്‍ ഈസ്റ്റ് ബംഗാള്‍ തയ്യാറായി. പിന്നീട് ഈസ്റ്റ് ബംഗാളിനായി കല്‍ക്കട്ട പ്രീമിയര്‍ ലീഗില്‍ ജോര്‍ജ് ടെലിഗ്രാഫ് എഫ്.സി ടീമിനെതിരെ അദ്ദേഹം തന്റെ അരങ്ങേറ്റം കുറിച്ചു.
അതെ ടൂര്‍ണമെന്റിലെ കൊല്‍ക്കത്ത ഡെര്‍ബിയില്‍ മോഹന്‍ ബഗാനെതിരെ പകരക്കാരനായി വരാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ കലിഘട്ട് എഫ്.സി ടീമിനെതിരെ പകരക്കാരനായി വന്നു ഒരു തകര്‍പ്പന്‍ അസിസ്റ്റ് നല്‍കി ടീമിനെ വിജയിപ്പിച്ചതോടെയാണ് ആരാധകര്‍ക്കിടയില്‍ റൊണാള്‍ഡോ പ്രസിദ്ധനായത്.
വേഗതയും മികച്ച കായിക ശേഷിയും സ്വന്തമായുള്ള യുവതാരമാണ് റൊണാള്‍ഡോ. കൗണ്ടര്‍ അറ്റാക്ക് നടത്തി മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ റോണോയ്ക്ക് എളുപ്പം കഴിയും. ഒരു എതിര്‍ കളിക്കാരനെ ഒറ്റയ്ക്ക് നേരിടുമ്പോള്‍ മേല്‍ക്കോയ്മ പുലര്‍ത്താന്‍ അദ്ദേഹത്തിന് പലപ്പോഴും സാധിച്ചിട്ടുണ്ട്.
ബുദ്ധിപൂര്‍വ്വം കളിക്കുന്ന താരമാണ് അദ്ദേഹം എന്ന് പലപ്പോഴും കഴിഞ്ഞ സീസണില്‍ തെളിയിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനായി കളിച്ച 5 മത്സരങ്ങളിലും 90 മിനുട്ട് കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ മികച്ച സ്റ്റാമിനയും ഫിട്‌നെസ്സും അദ്ദേഹത്തിനുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്നാല്‍ മികച്ച താരങ്ങള്‍ കൊണ്ട് നിറഞ്ഞ ബ്ലാസ്റ്റേഴ്സ് സീനിയര്‍ ടീമില്‍ അടുത്ത സീസണില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും. എങ്കിലും പുതിയ കോച്ച് കിബുവിന്റെ ശിക്ഷണത്തില്‍ മികച്ച താരമായി റൊണാള്‍ഡോ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.