ബലോട്ടെല്ലിയെ അപമാനിച്ച് ബ്ലാസ്റ്റേഴ്‌സ്, ഒടുവില്‍ അക്കാര്യം തീരുമാനിച്ചു
ഇറ്റലിയുടെ മുന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ മരിയോ ബലോട്ടെല്ലിയെ ടീമിലെടുക്കാതെ കേരള ബ്ലാസ്റ്റേഴ്സ്. ഫ്രീ ഏജന്റായ താരത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബ്ലാസ്റ്റേഴ്സിന് അനായാസം ടീമിലെത്തിക്കാമായിരുന്നു. ബലോട്ടെല്ലിയും കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കാന്‍ താല്പര്യം അറിയിച്ചിരുന്നു.
എന്നാല്‍ താരത്തിന്റെ നിലവിലെ ഫോമും കളിക്കളത്തിലെ പെരുമാറ്റങ്ങളും നേരിട്ട അച്ചടക്കനടപടികള്‍ എന്നിവ പരിഗണിച്ച് ടീമിലെടുക്കുന്നതില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് പിന്‍വാങ്ങിയെന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
34-കാരനായ ഇറ്റാലിയന്‍ താരം മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. ബലോട്ടെല്ലി അവസാനമായി ബൂട്ടണിഞ്ഞത് തുര്‍ക്കിഷ് ക്ലബ്ബ് അദാന ഡെമിസ്പോറിന് വേണ്ടിയാണ്. ഫ്രീ ഏജന്റായ താരത്തെ ബ്ലാസ്റ്റേഴ്സിന് പുതിയ സീസണിലെ ടീമിന്റെ പ്രധാന സ്ട്രൈക്കറാക്കി മാറ്റാമായിരുന്നു. എന്നാല്‍ കരിയറില്‍ വിവാദങ്ങളുടെ തോഴനായി മാറിയ ഇറ്റാലിയന്‍ സ്ട്രൈക്കറെ ടീമിലെടുക്കേണ്ടെന്ന നിലപാടിലാണ് ടീം ഒടുവില്‍ എത്തിച്ചേര്‍ന്നതത്രെ.
കരിയറിലൂടനീളം മൈതാനത്തിനകത്തും പുറത്തും വിവാദങ്ങള്‍ക്ക് പേരുകേട്ട കളിക്കാരനാണ് ബലോട്ടെല്ലി. പരിശീലകരുമായും കളിക്കാരുമായൊക്കെ നിരവധി തവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. അടുത്തിടെ തുര്‍ക്കിഷ് ക്ലബ്ബ് അദാന ഡെമിസ്പോറിന്റെ ഡ്രസ്സിങ് റൂമില്‍ പടക്കമെറിഞ്ഞും ബലോട്ടെല്ലി വിവാദത്തിലായിരുന്നു. സിറ്റിയിലും ലിവര്‍പൂളിലും കളിച്ചപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നതില്‍ ബലോട്ടെല്ലി മുന്നിലായിരുന്നു.
അതേ സമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബ്. സെപ്റ്റംബര്‍ 15 ന് പഞ്ചാബ് എഫ്‌സി യുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.