ബ്ലാസ്റ്റേഴ്‌സിനെ യൂറോപ്യന്‍ വമ്പന്‍മാര്‍ ഇപ്പോള്‍ വിഴുങ്ങില്ല, ജഴ്‌സി നിറം ഈ സീസണില്‍ മാറില്ല

Image 3
FootballISL

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് സുപ്രധാന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ പ്രചരിച്ചതിന് വിരുദ്ധമായി കേരള ബ്ലാസ്റ്റേഴ്സില്‍ വിദേശ നിക്ഷേപം തല്‍ക്കാലമില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കേരള ബ്ലാസ്റ്റേഴ്സ് ഉടമയായി നിമ്മഗഡ്ഡ പ്രസാദ് തന്നെ തുടരും. സെര്‍ബിയയില്‍നിന്നുള്ള ഫുട്ബോള്‍ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ ഈ സീസണിലും പൂര്‍ത്തികരിക്കാനായിട്ടില്ല. ഇതോടെ ബ്ലാസ്റ്റേഴ്സ് ജഴ്സിയും മുദ്രയും മാറുമെന്ന അഭ്യൂഹങ്ങള്‍ക്കും അവസാനമായി. ബ്ലാസ്റ്റേഴ്സ് മഞ്ഞപ്പടായി തന്നെ തുടരും.

നേരത്തെ സെര്‍ബിയിയിലെ പ്രധാന ക്ലബായ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡ് ആണ് ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാന്‍ ശ്രമിച്ചത്. ഏതാനും സീസണുകളായി ബ്ലാസ്റ്റേഴ്‌സ് ഉടമ നിമ്മഗഡ്ഡ പ്രസാദും റെഡ്സ്റ്റാറുമായി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. മുന്‍ പരിശീലകന്‍ എല്‍ഗോ ഷറ്റോരിയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കിയതും സെര്‍ബ് സംഘത്തില്‍ താല്‍പര്യ പ്രകാരമായിരുന്നു. ഷറ്റോരി തന്നെ ഇക്കാര്യം ഒരിക്കല്‍ തുറന്ന് പറയുന്നകയും ചെയ്തിരുന്നു.

സെര്‍ബിയയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ഇവിത്സ തോന്‍ചേവ് ആണു ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമയാകാന്‍ പോകുന്നയാളെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരന്നു. റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിന്റെ മുന്‍ വൈസ് പ്രസിഡന്റ് ആണ് ഇവിത്സ.

അതെസമയം സമീപഭാവിയില്‍ തന്നെ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡ് ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ല. ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്കെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പുറത്ത് വരൂ.