ഫിഫ വിലക്ക്, ബ്ലാസ്റ്റേഴ്‌സിന് വീണ്ടും കനത്ത, യുഎഇയിലെ മത്സരങ്ങളും നഷ്ടമാകും

ഐഎസ്എല്ലിന് ഒരുങ്ങാന്‍ യുഎഇയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക്. യുഎഇയില്‍ നിശ്ചയിച്ച പ്രീ സീസണ്‍ സന്നാഹമത്സരങ്ങളില്‍ ഇനി ബ്ലാസ്റ്റേഴ്‌സിന് കളിക്കാനാവില്ല.

വിലക്ക് തീരുംവരെ ഇന്ത്യയുമായുള്ള എല്ലാ ഫുട്‌ബോള്‍ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് ഫിഫ മറ്റ് അംഗരാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് യുഎഇയില്‍ നിശ്ചയിച്ച മൂന്ന് സന്നാഹമത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാവുക.

യുഎഇയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഈമാസം 20, 25, 28 തീയതികളില്‍ ആണ് സന്നാഹ മത്സരമുളളത്. ഇതിനായി ബ്ലാസ്റ്റേഴ്‌സ് ടീം യുഎഇയില്‍ എത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ടീം ക്യാമ്പിനെ ആകെ പിടിച്ചുകുലുക്കിയ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്.

ഭരണകെടുകാര്യസ്ഥതയുടെ പേരില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ ഇന്നലെയാണ് വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് തലവന്‍ പ്രഫുല്‍ പട്ടേല്‍ അധികാരത്തില്‍ തുടര്‍ന്നതും ഫെഡറേഷന്റെ കാര്യങ്ങളില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായതുമാണ് ഫിഫയുടെ വിലക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ എല്ലാ ദൈന്യംദിനം പ്രവര്‍ത്തനങ്ങളും പുതിയ ഭരണസമിതിക്ക് കീഴിലാകുമ്പോള്‍ വിലക്ക് പിന്‍വലിക്കുമെന്നാണ് ഫിഫയുടെ അറിയിപ്പ്.

2009 മുതല്‍ പ്രസിഡന്റ് സ്ഥാനത്തുള്ള പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകള്‍ക്ക് അനുമതി നല്‍കേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടല്‍ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയത്.

You Might Also Like