ബ്ലാസ്‌റ്റേഴ്‌സില്‍ ഏറ്റവും ശാരീരിക ശേഷിയുളള താരം, മലയാളി താരത്തെ കുറിച്ച് ഇഷ്ഫാഖിന്റെ വെളിപ്പെടുത്തല്‍
കേരള ബ്ലാസ്റ്റേഴ്‌സില്‍ ഏറ്റവും ശാരീരിക ശേഷിയുളള താരങ്ങളില്‍ ഒരാളാണ് മലയാളി താരം പ്രശാന്ത് കറുത്തേടത്കുനിയെന്ന് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ്. പ്രശാന്തിന്റെ കരാര്‍ ഒരു വര്‍ഷം കൂടി നീട്ടിയതായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇഷ്ഫാഖ് ഇക്കാര്യം അറിയിച്ചത്.
ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ പരിശീലക സെഷനുകളിലും കൃത്യമായി പങ്കെടുക്കുന്ന താരമാണ് പ്രശാന്തെന്ന് പറഞ്ഞ ഇഷ്ഫാഖ് ബ്ലാസ്റ്റേഴ്‌സിനായി ഏറെ സമര്‍പ്പണത്തോടേയും പ്രതിബദ്ധതയോടെയും കളിക്കുന്ന താരമാണ് അദ്ദേഹമെന്നും ഇഷ്ഫാഖ് കൂട്ടിചേര്‍ത്തു.
”ടീമിലെ ഏറ്റവും മികച്ച ശാരീരിക ശേഷിയുള്ള കളിക്കാരില്‍ ഒരാളാണ് പ്രശാന്ത്. അദ്ദേഹത്തിന്റെ കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, തന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു . എല്ലാ പരിശീലന സെഷനുകളിലും പങ്കെടുക്കുന്ന അദ്ദേഹം പരിശീലന സമയത്ത് എല്ലായ്‌പ്പോഴും 100% പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുന്നു. ക്ലബ്ബുമായുള്ള പ്രശാന്തിന്റെ കരാര്‍ ദീര്‍ഘിപ്പിച്ചത് കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതിഫലനം മാത്രമല്ല, സംസ്ഥാനത്തോടും ആരാധകരോടും കൂടിയുള്ളതാണ്. അദ്ദേഹം ഒരു മികച്ച ഫുട്‌ബോള്‍ കളിക്കാരനാണ്, വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ‘ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.
കോഴിക്കോട് നിന്നുള്ള 23കാരനായ പ്രശാന്ത് ബ്ലാസ്റ്റേഴ്‌സില്‍ 2016 മുതല്‍ അംഗമാണ്. വലത് കാലു കൊണ്ട് ചടുലമായ നീക്കങ്ങള്‍ നടത്തുന്ന മിഡ്ഫീല്‍ഡര്‍ ആയ താരം യഥാര്‍ത്ഥത്തില്‍ അത്‌ലറ്റിക്‌സ് റണ്ണറായിരുന്നു, 2008 ല്‍ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങി. എഐഎഫ്എഫ് റീജിയണല്‍ അക്കാദമി തിരഞ്ഞെടുക്കുന്നതിന് മുമ്പ് കേരള അണ്ടര്‍ 14 ടീമിനെ പ്രതിനിധീകരിച്ചു.
എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലേക്ക് പോകുന്നതിനുമുമ്പ് ഡി.എസ്.കെ ശിവാജിയന്‍സ് അക്കാദമിയുടെ ഭാഗമായിരുന്നു പ്രശാന്ത്. പരിശീലനം ലഭിക്കുന്നതിന് വേണ്ടി ഐ ലീഗ് ചെന്നൈ സിറ്റി എഫ്‌സിക്ക് കൈമാറുന്നതിന് മുന്‍പായി 2016 ആണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രശാന്തുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഐ എസ് എല്ലിന്റെ കഴിഞ്ഞ സീസണില്‍ ആണ് പ്രശാന്ത് മികച്ച പ്രകടനങ്ങള്‍ നടത്തുന്നത്. 12 മാച്ചുകളില്‍ വിങ്ങില്‍ കളിച്ച താരം എഫ് സി ഗോവയുമായുള്ള നിര്‍ണായകമായ മത്സരത്തില്‍ ഗോളടിക്കുന്നതിന് സഹായിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്‌ഫോടനാത്മകമായ വേഗവും വിങ്ങിലെ മിന്നും പ്രകടനവും വരുന്ന സീസണില്‍ ക്ലബ്ബിന് ഒരു മുതല്‍ക്കൂട്ടായിരിക്കും.
പ്രാദേശികമായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ ഫുട്‌ബോളിന്റെ ഒരു കോട്ട ആക്കി മാറ്റുന്നതിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കുന്നതാണ് പ്രശാന്തുമായുള്ള കരാര്‍ ദീര്‍ഘിപ്പിക്കാന്‍ ഉള്ള തീരുമാനം.
എന്റെ ഫുട്‌ബോള്‍ യാത്രയില്‍ ഒരു നിര്‍ണായകമായ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരുന്നതില്‍ ഒരേസമയം ഞാന്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. എന്റെ കഴിവില്‍ കോച്ചുമാരും മാനേജ്‌മെന്റും അര്‍പ്പിച്ച വിശ്വാസം എനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. വരാനിരിക്കുന്ന സീസണില്‍ ടീമിനായി എന്റെ 100% സമര്‍പ്പിച്ചുകൊണ്ട് മൈതാനത്തിലുള്ള അവരുടെ വിശ്വാസത്തിന് പ്രതിഫലം അര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം, തുടര്‍ന്നും എന്റെ നാടായ കേരളത്തിന്റെ ഫുട്‌ബോള്‍ കളിയോടുള്ള പാരമ്പര്യത്തിന്റെ ഭാഗമാകാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ‘ ക്ലബുമായുള്ള കരാര്‍ വിപുലീകരണത്തെക്കുറിച്ച് പ്രശാന്ത് പറഞ്ഞു.