ആന്ന് പിഎസ്ജി സൂപ്പര്‍ താരം, പിന്നെ ഫുട്‌ബോള്‍ മറന്നു, ബ്ലാസ്‌റ്റേഴ്‌സിലേത് ഓഗ്‌ബെചെയുടെ പുതുജന്മം
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരേയൊരു സൂപ്പര്‍ താരമാണ് ബെര്‍ത്തലോമിവ് ഓഗ്‌ബെചെ. ഐഎസ്എല്‍ ആറാം സീസണില്‍ ഓഗ്‌ബെചെ സ്‌ട്രൈക്ക് ചെയ്ത ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വാരിക്കൂട്ടിയത് അത്ര പെട്ടെന്നൊന്നും ആരാധകര്‍ മറക്കില്ല. ബ്ലാസ്റ്റേഴ്‌സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു.
നേരത്തെ നോര്‍ത്ത് ഈസ്റ്റിനായി കളിച്ചപ്പോഴും ഒാഗ്‌ബെചെ തന്റെ കാലുകൊണ്ട് തീതുപ്പിയിരുന്നു. അന്ന് 12 ഗോളാണ് ഈ നൈജീരിയന്‍ താരം നേടിയത്. ഐഎസ്എല്ലിലെ ഓഗ്ബെചെയുടെ അരങ്ങേറ്റ സീസണ്‍ കൂടിയായിരുന്നു അത്.
എന്നാല്‍ ഈ നൈജീരിയന്‍ താരത്തെ കുറിച്ച് മലയാളി ആരാധകര്‍ക്ക് അറിയാത്ത നിരവധി കഥകളുണ്ട്. ഒഗ്‌ബെചെയുടെ 17ാം വയസ്സില്‍ പാരീസ് സെന്റ് ജര്‍മ്മന്‍ തങ്ങളുടെ വണ്ടര്‍ കിണ്ടായിട്ടായിരുന്നു ഈ നൈജീരിയന്‍ താരത്തെ കണക്കാക്കിയിരുന്നു. ആറ് വര്‍ഷത്തേയ്ക്കാണ് ഓഗ്‌ബെചേയുമായി പിഎസ്ജി കരാറില്‍ ഒപ്പിട്ടത്.
കൂടാതെ 2002ലെ ലോകകപ്പില്‍ തന്റെ 17ാം വയസ്സില്‍ ഒാഗ്‌ബെചെ നൈജീരിയന്‍ ടീമിലും ഇടംപിടിച്ചിരുന്നു. അര്‍ജന്റീനയ്‌ക്കെതിരെ 90 മിനിറ്റിലും കളിച്ച താരം സ്വീഡനെതിരേയും നൈജീരിയക്കായി പന്തു തട്ടി. എന്നാല്‍ ചെറുപ്രായത്തില്‍ ലഭിച്ച ഹൈപ്പ് ഒാഗ്‌ബെചെയെ തകര്‍ക്കുകയായിരുന്നു. ഫ്രാന്‍സിലും ദേശീയ ടീമിനായും ഓഗ്ബെചെയ്ക്ക് പ്രശോഭിക്കാന്‍ പിന്നീട് കഴിഞ്ഞില്ല. പിന്നീട് താരത്തിന്റെ വന്‍ വീഴ്ച്ചയ്ക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. 2004ലാണ് അവസാനമായി ഓഗ്ബെചെ നൈജീരിയക്കായി കളിച്ചത്.
പിഎസ്ജിയ്ക്കായി നാല് വര്‍ഷം കളിച്ച ഓഗ്‌ബെചെ 57 മത്സരങ്ങള്‍ ആ ജെഴ്‌സി അണിഞ്ഞു. ആറ് ഗോളാണ് താരം നേടിയത്. പിന്നീട് ലിഗാ വണ്‍ ക്ലബുകളായ ബസ്തിയ, മെറ്റ്‌സ് എന്നീ ക്ലബുകള്‍ക്ക് പിഎസ്ജി താരത്തെ ലോണിന് കൈമാറുകയായിരുന്നു.
പിന്നീട് 2006ഓടെ യുഎഇ ക്ലബ് അല്‍ ജസീറയില്‍ എത്തപ്പെട്ട താരത്തിന് പിന്നീടൊരിക്കലും പ്രതിഭയോട് നീതി പുലര്‍ത്താനായില്ല. ഇതിനിടെ യുഎഇ, മസ്‌ദോനിയ, ഇംഗ്ലണ്ട്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകള്‍ക്കായും താരം ബൂട്ടുകെട്ടി. ഇവിടെയൊന്നും കാര്യമായ പ്രകടനം കാഴ്ച്ചവെക്കാന്‍ ഓഗ്‌ബെചെയ്ക്കായില്ല.
എന്നാല്‍ ഫുട്‌ബോള്‍ കരിയര്‍ അവസാനിയ്ക്കാന്‍ നില്‍ക്കെ വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഒഗ്‌ബെചെ. ഗോളുകള്‍ വാരിക്കൂട്ടാനും പ്രതിഭകൊണ്ട് വിസ്മയിപ്പിക്കാനും 35കാരന് കഴിയുന്നു. താരം വീണ്ടും നിരവധി ആരാധകരുളള സൂപ്പര്‍ താരമായും മാറിക്കഴിഞ്ഞു. കരിയറിന്റെ നല്ലകാലത്ത് പ്രതിഭ നഷ്ടപ്പെട്ടാലും തിരിച്ചുവരാനാകുമെന്ന് ഓഗ്‌ബെചെ ലോകത്തെ പഠിപ്പിക്കുന്നു.