ബ്ലാസ്‌റ്റേഴ്‌സ് നോട്ടമിട്ട വിദേശതാരത്തെ റാഞ്ചി മറ്റൊരു ഐഎസ്എല്‍ ക്ലബ്

Image 3
FootballISL

ഐറിഷ് വംശജനായ ഓസ്‌ട്രേലിയന്‍ പ്രതിരോധ താരം ഡിലന്‍ ഫോക്‌സിനെ ഐഎസ്എല്‍ ക്ലബ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ടീമിലെ ഏഷ്യന്‍ താരത്തിന്റെ ക്വോട്ടയിലേക്കാണ് ഈ ഇരുപത്തിയാറുകാരനെ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കിയിരിക്കുന്നത്.

2019 മുതല്‍ എ ലീഗ് ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മരൈനേഴ്‌സിന്റെ താരമാണ് ഡൈലന്‍ ഫോക്‌സ്.അവര്‍ക്കായി കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളില്‍ കളിച്ച താരം ഒരു ഗോള്‍ നേടുകയും ചെയ്തു. 2013 ല്‍ സതര്‍ലന്‍ഡ് ഷാര്‍ക്‌സിലൂടെയാണ് ഡൈലാന്‍ തന്റെ സീനിയര്‍ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ന്യൂസിലന്‍ഡിലും, ഓസ്‌ട്രേലിയയിലും, ദക്ഷിണ കൊറിയയിലുമായി താരം കളിച്ചു.

2015 മുതല്‍ 2019 വരെ പ്രശസ്ത ന്യൂസിലന്‍ഡ് ക്ലബ്ബായ വെല്ലിംഗ്ടണ്‍ ഫീനിക്‌സിലുണ്ടായിരുന്ന ഈ സെന്‍ട്രല്‍ ഡിഫന്‍ഡര്‍, എടികെ താരങ്ങളായ റോയ് കൃഷ്ണ, ഡേവിഡ് വില്ല്യംസ് എന്നിവര്‍ക്കൊപ്പം അവിടെ കളിച്ചിട്ടുണ്ട്. സെന്റര്‍ ബാക്ക് താരമായ ഫോക്‌സ്, ഇതിന് പുറമേ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും കളിക്കും.

നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സും ഫോക്‌സിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്ത ഹൈലാന്‍ഡുകാരുടെ കൂടെ പന്ത് തട്ടാനായിരുന്നു ഫോക്‌സിന് താല്‍പര്യം. ഇതോടെ പുതിയ ഏഷ്യന്‍ താരത്തിനായി വലിയ അന്വേഷണമാണ് ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.