അനായാസ ജയം തട്ടിത്തെറിപ്പിച്ച് ബ്ലാസ്റ്റേഴ്സ്, നോര്‍ത്ത് ഈസ്റ്റുമായി സംഭവിച്ചത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണിന്റെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സമനില. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായി ഗോള്‍രഹിതമായാണ് പിരിഞ്ഞത് (0-0). കളിയില്‍ ആധിപത്യം നേടിയിട്ടും ലക്ഷ്യം കാണാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. നിര്‍ഭാഗ്യവും തടഞ്ഞു. പന്തടക്കത്തിലും ആക്രമണത്തിലും ബ്ലാസ്റ്റേഴ്സ് മുന്നില്‍നിന്നു.ആദ്യപകുതിയില്‍ ജോര്‍ജ് ഡയസിനും രണ്ടാം പകുതിയുടെ തുടക്കത്തില്‍ സഹല്‍ അബ്ദുള്‍ സമദിനും കിട്ടിയ മികച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. അല്‍വാരോ വാസ്‌കസിന്റെ തകര്‍പ്പന്‍ ഹെഡര്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് തടയുകയായിരുന്നു. പ്രതിരോധത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ചുനിന്നു. എതിരാളികള്‍ക്ക് ഒരു അവസരം പോലും നല്‍കിയില്ല. 28ന് ബംഗളൂരു എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ആദ്യ കളിയില്‍ എടികെ മോഹന്‍ ബഗാനോട് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയിരുന്നു.

മൂന്ന് മാറ്റങ്ങളുമായാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പരിക്കേറ്റ കെ.പി രാഹുല്‍ ടീമിലുള്‍പ്പെട്ടില്ല. പ്രതിരോധത്തില്‍ വി.ബിജോയ്, മുന്നേറ്റത്തില്‍ അല്‍വാരോ വാസ്‌കസ് എന്നിവരും ഇടംനേടിയില്ല. വിന്‍സി ബരേറ്റോ, ആയുഷ് അധികാരി, എനെസ് സിപോവിച്ച് എന്നിവര്‍ ടീമിലെത്തി. ആല്‍ബിനോ ഗോമെസ് ഗോള്‍വലയ്ക്ക് മുന്നില്‍നിന്നു. പ്രതിരോധത്തില്‍ സിപോവിച്ച്, മാര്‍കോ ലെസ്‌കോവിച്ച്, ജെസെല്‍ കര്‍ണെയ്റോ, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍ അണിനിരന്നു. അഡ്രിയാന്‍ ലൂണ, ആയുഷ് അധികാരി, വിന്‍സി ബരേറ്റോ, സഹല്‍ അബ്ദുള്‍ സമദ്, ജീക്സണ്‍ സിങ്. ഗോളടിക്കാരനായി ജോര്‍ജ് ഡയസും. സുഭാശിഷ് റോയ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍വല കാവല്‍ക്കാരനായി. ഗുര്‍ജീന്ദര്‍ കുമാര്‍, പ്രൊവാട് ലക്ര, പാട്രിക് ഫ്ളോട്മാന്‍, പ്രഗ്യാന്‍ ഗൊഗോയ് എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ ഹെര്‍ണന്‍ സന്റാന, കാസ കമാറ, വി.പി സുഹൈര്‍, ലാല്‍ഖാപുയ്മാവിയ. മുന്നേറ്റക്കാരായി ലാല്‍ഡാന്‍മാവിയ റാല്‍റ്റെയും ഡെഷോണ്‍ ബ്രൗണും.

ആദ്യ നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റങ്ങളെ കൃത്യമായി ചെറുത്തു. പതിമൂന്നാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് കോര്‍ണര്‍ കിക്ക് ലഭിച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് അപകടമൊഴിവാക്കി. പതിനേഴാം മിനിറ്റില്‍ സഹലിന്റെ കുതിപ്പ് ബോക്സിലെത്തി. എന്നാല്‍ ക്രോസ് കൃത്യമായില്ല. നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ പന്ത് തട്ടിയകറ്റി. അഞ്ച് മിനിറ്റിനുള്ളില്‍ മറ്റൊരു നീക്കം കണ്ടു. വലതുപാര്‍ശ്വത്തില്‍ ജോര്‍ജ് ഡയസ് കുതിച്ചു. പക്ഷേ, ക്രോസ് ലക്ഷ്യത്തിലെത്തിയില്ല. ഇരുപത്തഞ്ചാം മിനിറ്റില്‍ ബ്രൗണിനെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരം സിപോവിച്ചിന് മഞ്ഞക്കാര്‍ഡ് കിട്ടി. 33ാം മിനിറ്റില്‍ ബോക്സിന് മുന്നില്‍വച്ചുള്ള ലൂണയുടെ ഫ്രീകിക്ക് നേരെ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയിയുടെ കൈകളിലേക്കാണ് പോയത്.

പിന്നാലെ കളിയിലെ ഏറ്റവും മികച്ച അവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. ലൂണയുടെ നീക്കമായിരുന്നു ആദ്യം. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ കീറിമുറിച്ച് ബോക്സിലേക്ക് ലൂണ പന്തൊഴുക്കി. ഡയസിന് കൃത്യമായി കിട്ടി. രണ്ട് നോര്‍ത്ത് ഈസ്റ്റ് താരങ്ങളെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ ഡയസിന് പക്ഷേ, ലക്ഷ്യം പിഴച്ചു. പന്ത് പുറത്തേക്ക് പോയി. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെയാണ് ഡയസിന് പിഴവുപറ്റിയത്.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വിന്‍സി ബരേറ്റോയെ ഗുര്‍ജീന്ദര്‍ കുമാര്‍ അപകടകരമായി ഫൗള്‍ ചെയ്തെങ്കിലും റഫറി ശ്രദ്ധിച്ചില്ല. ആ നീക്കം പിടിച്ചെടുത്ത് ആയുഷ് മുന്നേറി. ബോക്സിന് മുന്നില്‍വച്ച് ലൂണയിലേക്ക് പന്ത് നീക്കിയിട്ടു. ലൂണയുടെ അടി ബാറിന് മുകളിലൂടെ പറന്നു. ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു.

ni

രണ്ടാംപകുതിയുടെ തുടക്കം മറ്റൊരു മികച്ച അവസരത്തിലൂടെയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. വിന്‍സി ബരേറ്റോയുടെ മനോഹരമായ നീക്കം. വലതുവശത്ത് രണ്ട് നോര്‍ത്ത് ഈസ്റ്റ് താരങ്ങളെ മറികടന്ന് ബരേറ്റോ മുന്നേറി. നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് വിങ്ങര്‍ക്കൊപ്പം ഓടിയെത്തിയില്ല. ബരേറ്റോ ബോക്സിലേക്ക് കൃത്യമായി ക്രോസ് തൊടുത്തു. സ്ഥാനം തെറ്റിയ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സഹലിനാണ് ആ ക്രോസ് കിട്ടിയത്. പക്ഷേ, സഹല്‍ അവസരം പാഴാക്കി. പിന്നാലെ ഡയസ് തൊടുത്ത ദുര്‍ബല ഷോട്ട് കീപ്പറുടെ കൈകളിലേക്ക്. ബരേറ്റോയുടെ ലോങ് റേഞ്ചിനും ലക്ഷ്യം കാണാനായില്ല. 60ാം മിനിറ്റില്‍ ആയുഷ് അധികാരിക്ക് പകരം പ്യൂട്ടിയ ഇറങ്ങി.
കളിതീരാന്‍ 20 മിനിറ്റ് ശേഷിക്കെ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച് രണ്ട് മാറ്റങ്ങള്‍ കൂടി വരുത്തി. ഡയസിനെയും സഹലിനെയും പിന്‍വലിച്ചു. നിഷു കുമാറും വാസ്‌കസും കളത്തിലെത്തി.

നിഷുവിന്റെ വരവ് ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് അല്‍പ്പം കൂടി വേഗം നല്‍കി. നോര്‍ത്ത് ഈസ്റ്റിന്റെ ബോക്സിലേക്ക് നിരവധി തവണ പന്തെത്തിയെങ്കിലും ലക്ഷ്യത്തിലേക്ക് മാത്രം അടി പോയില്ല. കളി തീരാന്‍ എട്ട് മിനിറ്റ് ശേഷിക്കെ ബ്ലാസ്റ്റേഴ്സിനെ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് തടഞ്ഞു. നിഷുവിന്റെ ലോങ് ബോള്‍ ബോക്സില്‍ അല്‍വാരോ വാസ്‌കസിന്. കൃത്യമായി വാസ്‌കസ് തലവച്ചെങ്കിലും സുഭാശിഷ് ഒറ്റകൈയില്‍ തട്ടിയകറ്റി. 89ാം മിനിറ്റില്‍ ബരേറ്റോയ്ക്ക് കെ.പ്രശാന്ത് പകരക്കാരനായി. പിന്നാലെ വാസ്‌കസിന്റെ തകര്‍പ്പന്‍ വോളിന് ക്രോസ് ബാറിന് തൊട്ടുരുമ്മി കടന്നുപോയി. നിരന്തരം മുന്നേറിയിട്ടും ഗോള്‍ നേടാനാകാതെ ബ്ലാസ്റ്റേഴ്സ് തിരിച്ചുകയറി.

You Might Also Like