ബ്ലാസ്റ്റേഴസില്‍ ഇനി പോരാട്ടം ഇക്കാര്യത്തിനായി, തുറന്ന് പറഞ്ഞ് നിഷു കുമാര്‍

കേരള ബ്ലാസ്റ്റേഴ്‌സില്‍ എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ വേണ്ടിയാകും ഇനിയുളള തന്റെ പോരാട്ടമെന്ന് ബംഗളൂരു എഫ്‌സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിയ ഇന്ത്യന്‍ താരം നിഷു കുമാര്‍. ഇന്‍സ്റ്റഗ്രാമില്‍ തത്സമയം ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്‍ഡ് കോച്ച് ഇഷ്ഫാഖ് അഹമ്മദുമായി സംസാരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം.
‘പ്ലെയിംഗ് ഇലവനില്‍ ഇടംപിടിയ്ക്കാനുളള പോരാട്ടം ആണ് ആദ്യം ഞാന്‍ നടത്തുക. എന്റെ വ്യക്തിപരമായിട്ടുളള ഒരു ലക്ഷ്യം ടീമില്‍ സ്ഥിരമാകുക എന്നതാണ്. ഐഎസ്എല്‍ കിരീടം നേടാനും ഞാന്‍ ആഗ്രഹിക്കുന്നു. അതുവഴി ഭാവിയിലും എഎഫ്‌സി മത്സരങ്ങളുടെ ഭാഗവും ആകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു’ നിഷു പറയുന്നു.
ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയുമായി താന്‍ ചര്‍ച്ച നടത്തിയെന്നും നിഷു കുമാര്‍ വെളിപ്പെടുത്തി. ‘കിബുവുമായി അദ്ദേഹത്തിന്റെ കളി ശൈലിയെ കുറിച്ച് ഞാന്‍ സംസാരിച്ചു. എന്റെ കളിശൈലിയും അദ്ദേഹത്തിന്റെ ശൈലിയും ഏറെ സാദൃശ്യമുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ കളി ശൈലിയോട് യോചിച്ച് പന്ത് തട്ടാന്‍ എനിക്ക് എളുപ്പമാകും’ യുപി താരം പറയുന്നു.
‘ഞാന്‍ വളരെയേറെ ആവേശത്തിലാണ്. അടങ്ങാത്ത സന്തോഷത്തിലും. ഭാവി ലക്ഷ്യമിട്ട് മികച്ച ടീമിനെ കെട്ടിപ്പടുക്കാനുളള മുന്നൊരുക്കത്തിലെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് എന്നെ അറിയിച്ചിരിക്കുന്നത്’ നിഷു കൂട്ടിചേര്‍ത്തു.
ബംഗളൂരു വിടാന്‍ കാരണം തനിക്ക് പുതിയ വെല്ലുവിളി ആവശ്യമായിരുന്നെന്നും പുതിയ ടീമില്‍ താനെങ്ങനെ അതിജയിക്കും എന്നറിയാന്‍ ആകാംക്ഷയുണ്ടെന്നും താരം കൂട്ടിചേര്‍ത്തു. എല്ലാ കളിക്കാരും ആഗ്രഹിക്കുന്ന ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടണമെന്നതെന്നും നിഷു വെളിപ്പെടുത്തി.