മഴകാക്കുന്ന വേഴാമ്പലിലെ പോലെ, ആ പ്രഖ്യാപനം കാത്ത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍
വലിയ പ്രഖ്യാപനം കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മഞ്ഞപ്പടയുടെ വിദേശ സൈനിംഗുകളെ കുറിച്ച് ബുധനാഴ്ച്ച മുതല്‍ പ്രഖ്യാപിക്കും എന്ന റൂമറുകള്‍ വലിയ ആവേശത്തോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ഇതുവരെ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ എല്ലാ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രഖ്യാപനം പ്രതീക്ഷിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇതോടെ താരങ്ങളുടെ പ്രഖ്യാപനം ഇനിയും നീളുമെന്ന് ഉറപ്പായി.
സാദാരണയായി ബ്ലാസ്റ്റേഴ്സ് എല്ലാ ബുധനാഴ്ച്ചകളിലുമാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്താറ്. ഇതാണ് ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ കാരണം.
നിലവിലെ ബ്ലാസ്റ്റേഴ്സ് താരങ്ങളില്‍ ആരെല്ലാം ക്ലബിലുണ്ടാകും എന്ന കാര്യത്തിലും ഇത് വരെ അന്തിമ ധാരണയായിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ പല താരങ്ങളോടും പ്രതിഫലം കുറക്കാന്‍ ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താരങ്ങള്‍ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ഈ സീസണില്‍ പല താരത്തങ്ങളും ക്ലബ് വിട്ടേക്കും,
അതെസമയം മോഹന്‍ ബഗാനില്‍ നിന്ന് തന്റെ പ്രിയപ്പെട്ട താരങ്ങളെ കൊണ്ട് വരാന്‍ പുതിയ പരിശീലകന്‍ കിബു വികൂന ശ്രമം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍, ബെയ്റ്റിയ, സുഹൈര്‍ തുടങ്ങിയ താരങ്ങള്‍ ബ്ലാസ്റ്റേഴ്സിലെത്തിയേക്കുമെന്നാണ് കരുതുന്നത്.