പ്രഖ്യാപനത്തിന് മുമ്പെ താരത്തെ കണ്ടുപിടിച്ച് ആരാധകര്‍, ബ്ലാസ്റ്റേഴ്‌സ് അഡ്മിന്‍ ‘ഫ്‌ളാറ്റ്’

കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്ന താരങ്ങളെ ക്ലബ് പ്രഖ്യാപിക്കുക എല്ലാ ബുധനാഴ്ച്ചകളിലുമാണ്. പതിവ് പോലെ വീണ്ടുമൊരു ബുധനാഴ്ച്ച വരാനിരിക്കെ ഒരു പ്രഖ്യാപനം ഉണ്ടാകുമെന്ന് രണ്ട് ദിവസം മുമ്പേ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

അതിന്റ ഭാഗമായി ആരാധകര്‍ ചില സൂചനകള്‍ നല്‍കാനും ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ തയ്യാറായി. എന്നാല്‍ നിമിഷ നേരം കൊണ്ട് താരത്തെ തിരിച്ചറിഞ്ഞിരിക്കുകയാണ് ആരാധകര്‍.

ബംഗളൂരു എഫ്‌സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിയ നിഷു കുമാറിനെ കുറിച്ചുളള പ്രഖ്യാപനമാണ് ബുധനാഴ്ച്ച വരുന്നതെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം . ഇതിനായി ബ്ലാസ്റ്റേഴ്‌സ് സോഷ്യല്‍ മീഡിയ വിഭാഗം നല്‍കിയ സൂചന കൃത്യമായി വ്യാഖ്യാനിച്ചിരിക്കുകയാണ് ആരാധകര്‍.

നാല് ചിത്രങ്ങളാണ് ബുധനാഴ്ച്ചത്തെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബ്ലാസ്റ്റേഴ്‌സ് നല്‍കിയ സൂചന. ഒരു പഞ്ചസാര പാത്രവും ഒരാളുടെ മുഖവും ഇന്റര്‍ മിലാന്റെ ലോഗോയും 2010 ലോകകപ്പിലെ സുപ്രസിദ്ധമായ ലോംഗ് റെയ്ഞ്ചര്‍ ഗോളിന്റെ ചിത്രവുമായിരുന്നു നല്‍കിയ സൂചനകള്‍. ഇതില്‍ നിന്നും താരത്തെ കണ്ടെത്താന്‍ ക്ലബ് ആരാധകരെ വെല്ലുവിളിച്ചു.

എന്നാല്‍ ഞെടിയിടെ ആരാധകര്‍ താരത്തെ കണ്ടെത്തി. പഞ്ചസാര പത്രം നിഷുവിന്റെ സ്വദേശമായ ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിനെ സൂചിപ്പിക്കുന്നതാണെന്നാണ് ആരാധകരുടെ വാദം. പഞ്ചസാര വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് മുസഫര്‍ നഗര്‍.

നിഷുവിനോട് മുഖസദൃശ്യമാണ് രണ്ടാമത്തെ ചിത്രത്തിന്റെ സൂചന. നിഷുകുമാറിനെ ഇന്റര്‍ മിലാന്‍ പരിശീലനത്തിന് നേരത്തെ തിരഞ്ഞെടുത്തിരുന്നു അതാകും മിലാന്റെ ലോഗോ വന്നതിനുളള കാരണമെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. നാലാമത്തെ ലോംഗ് റേഞ്ചര്‍ ഗോളിന്റെ ഇമേജ് സൂചിപ്പിക്കുന്നത് പോലെ നിഷുവും നേരത്തെ എഎഫ്‌സി കപ്പില്‍ ലോംഗ് റേഞ്ചര്‍ ഷോട്ട് ഉതിര്‍ത്ത് ഗോള്‍ നേടിയിട്ടുണ്ട്. ലോംഗ് റേഞ്ചറിന് പേരുകേട്ട താരമാണ് നിഷുകുമാര്‍.

അഞ്ചു കോടി രൂപ മുടക്കിയാണ് നിഷുകുമാറിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തം നിരയിലെത്തിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ താരമായി ഇതോടെ നിഷു കുമാര്‍ മാറിയിരുന്നു.

You Might Also Like