പറക്കും കുതിര ബ്ലാസ്റ്റേഴ്സില്‍ തുടരും, ആവേശ പ്രഖ്യാപനമെത്തി

വിങ്ങുകളില്‍ ചടുല നീക്കങ്ങള്‍ക്ക് പേരുകേട്ട മലയാളി താരം കെ പി രാഹുല്‍ ബ്ലസ്റ്റേഴ്‌സില്‍ തുടരും. മൂന്ന് വര്‍ഷത്തേക്കാണ് കെബിഎഫ്‌സിയുമായി കരാര്‍ ദീര്‍ഘിപ്പിച്ചത്. തൃശൂര്‍ ജില്ലാ ടീമിനെ പ്രതിനിധീകരിച്ചുകൊണ്ട് കരിയര്‍ ആരംഭിച്ച രാഹുല്‍ കേരള അണ്ടര്‍ 14 ടീമിനായി കൊല്‍ക്കത്തയിലും ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി തയ്യാറെടുക്കുന്ന എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമി ബാച്ചിന്റെ ഭാഗമാകാന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞത്.

ടൂര്‍ണമെന്റില്‍ ഇന്ത്യ കളിച്ച മൂന്ന് മത്സരങ്ങളുടെയും സ്റ്റാര്‍ട്ടിംഗ് ലൈനപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഐ ലീഗിന്റെ രണ്ട് സീസണുകളില്‍ ഇന്ത്യന്‍ ആരോസിനായി കളിക്കളത്തിലെത്തിയ രാഹുല്‍ വിങ്ങുകളില്‍ തന്റെ ആസാമാന്യ വേഗതയും, ട്രിക്കുകളും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് അഞ്ച് ഗോളുകളും മൂന്ന് അസ്സിസ്റ്റുകളും തന്റെ പേരിലാക്കി.

തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ കെബിഎഫ്സിക്കായി സ്വന്തം മണ്ണില്‍ മഞ്ഞകുപ്പായത്തില്‍ കളിക്കളത്തിലെത്തിയ രാഹുല്‍ മിന്നും പ്രകടനങ്ങളിലൂടെ ആരാധക മനം കവര്‍ന്നു.

‘കേരള ബ്ലാസ്റ്റേഴ്‌സ് എന്റെ വീടാണ്, ആരാധകരുടെ പിന്തുണയാണ് എല്ലാം. സ്പോര്‍ട്ടിംഗ് ഡയറക്ടറുമായുള്ള എന്റെ സംഭാഷണത്തിലും ക്ലബില്‍ എന്നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പദ്ധതികളിലും ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു. ഇത് എന്റെ കരിയറിന്റെ ആരംഭം മാത്രമാണ്, കൂടുതല്‍ മെച്ചപ്പെടുത്തലിന് തീര്‍ച്ചയായും എനിക്കിവിടെ അവസരം ലഭിക്കും. അതിനുള്ള ശരിയായ സ്ഥലമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍, കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ബ്ലാസ്റ്റേഴ്സില്‍ തുടരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കാനും സ്വയം തെളിയിക്കാനുമുള്ള ഈ മഹത്തായ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും.’ രാഹുല്‍ പറഞ്ഞു.

ടര്‍ഫില്‍ കുഴഞ്ഞ് വീണ് മരണപ്പെടുന്ന ഞെട്ടിക്കുന്ന കാഴ്ച്ച

മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തില്‍ സബ്സ്റ്റിട്യൂട്ട് ആയി എത്തിക്കൊണ്ടാണ് രാഹുല്‍ കെബിഎഫ്സിക്കായി അരങ്ങേറ്റം കുറിച്ചത്. ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരത്തില്‍ എതിരാളികളുടെ പ്രതിരോധത്തില്‍ തന്റെ വേഗതകൊണ്ട് വിള്ളല്‍ വീഴ്ത്തികൊണ്ട് ക്ലബിനായി തന്റെ ആദ്യ ഗോള്‍ നേടി അദ്ദേഹം തന്റെ മികവറിയിച്ചു. കഴിഞ്ഞ സീസണില്‍ മൈതാനത്ത് അദ്ദേഹത്തിന്റെ പ്രകടനം പരിമിതമായിരുന്നെങ്കിലും വളരെ ശ്രദ്ധയാകര്‍ഷിച്ചതും വ്യക്തമായിരുന്നു. ക്ലബിനൊപ്പം മികച്ച കാര്യങ്ങള്‍ നേടാന്‍ കഴിയുന്ന രാഹുല്‍ ഭാവിയിലേക്കുള്ള താരമാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ കഠിനാധ്വാന മനോഭാവം അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കി.

‘തന്റെ വേഗതയും ശക്തിയും ഉപയോഗിച്ച് എതിരാളികളെ നേരിടാന്‍ കഴിയുന്ന ഒരു മികച്ച യുവ പ്രതിഭയാണ് രാഹുല്‍. കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും പഠിക്കാനുള്ള ആകാംക്ഷയുമുള്ള അതിശയകരമായ ഒരു കളിക്കാരന്‍ കൂടിയാണ് അദ്ദേഹം. രാഹുലിനെപ്പോലുള്ള നിലവാരമുള്ള യുവതാരങ്ങളെ വികസിപ്പിക്കുന്നതിലാണ് ക്ലബ് ശ്രദ്ധയൂന്നുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് മാത്രമല്ല, രാജ്യത്തിനും അഭിമാനിക്കാനാകുന്ന തരത്തില്‍ അദ്ദേഹം ഒരു മികച്ച കളിക്കാരനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സീസണില്‍ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

You Might Also Like