ബ്ലാസ്‌റ്റേഴ്‌സില്‍ ഇനിയും ഒരു നായകന്‍ കൂടി, വെളിപ്പെടുത്തലുമായി വികൂന
ഐഎസ്എല്‍ ഏഴാം സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സില്‍ ഒരു നായകന്‍ കൂടി ഉണ്ടാകുമെന്ന് വെളിപ്പെടുത്തലുമായി മുഖ്യ പരിശീലകന്‍ കിബു വികൂന. ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വികൂനയുടെ വെളിപ്പെടുത്തല്‍.
നേരത്തെ കോസ്റ്റ നമോയിനേസുവിനെ പ്രധാന ക്യാപ്റ്റനായി തിരഞ്ഞെടുത്തപ്പോള്‍ സിഡോചയേയും ജെസലിനേയും ക്യാപ്റ്റന്‍ സ്ഥാനം നല്‍കി ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാലാമതൊരു നായകന്‍ കൂടിയുണ്ടാകുമെന്ന് കിബു വികൂന സൂചന നല്‍കുന്നത്.
എനിക്ക് ടീമിന്റെ നായകന്‍ ആരെന്നത് വളരെ പ്രധാനപ്പെട്ടതാണ്, ഈ മൂന്ന് താരങ്ങള്‍ക്കും മികച്ച ക്യാപ്റ്റന്മാരാകാന്‍ കഴിയും, ക്യാപ്റ്റന്‍ എന്നത് ആംബാന്‍ഡ് അണിയുന്നത് മാത്രമല്ല, കളിക്കളത്തിനും അതിന് പുറത്തും ടീമിനെ പ്രതിനിധീകരിക്കേണ്ടതും അവരാണ്, മൂന്നോ നാലോ പേര്‍ക്കായി ക്യാപ്റ്റന്‍സി നല്‍കുകയാണ് എനിക്ക് താല്‍പര്യം, ഭാവിയില്‍ ഒരുപക്ഷെ ഒരാളെ കൂടി ക്യാപ്റ്റന്റെ ചുമതലയേല്‍പ്പിക്കും’ കിബു വ്യക്തമാക്കി.
നേരത്തെ സ്പാനിഷ് താരം വിസെന്റെ ഗോമസ് ടീം ക്യാപ്റ്റനാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഗോമസിന് ക്യാപ്റ്റന്‍സി ചുമതല നല്‍കയിട്ടില്ല. ഇതോടെ ഏറെ അനുഭവ സമ്പത്തുളള ഗോമസിനെകൂടി ക്യാപ്റ്റന്‍സി പട്ടികയില്‍ കിബു ഉള്‍പ്പെടുത്തിയേക്കും എന്നാണ് സൂചന.
നവംബര്‍ 20നാണ് ഐഎസ്എല്ലിലെ ആദ്യ മത്സരത്തില്‍ പന്തുരുളുക. കേരള ബ്ലാസ്റ്റേഴ്‌സും എടികെ കൊല്‍ക്കത്തയും തമ്മിലാണ് മുഖാമുഖം ഏറ്റുമുട്ടുന്നത്.