ഇന്ത്യന്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടുന്നു, വന്‍ സന്തോഷ വാര്‍ത്ത

കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു ആവേശ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് നമ്മുടെ സ്വന്തം ഇന്ത്യന്‍ ടീമുമായി ഏറ്റുമുട്ടുന്നു. ഈ വര്‍ഷം സെപ്റ്റംബറിലാണ് ബ്ലൂ ടൈഗറുമായി കേരള ബ്ലാസ്റ്റേഴ്‌സ് മാറ്റുരക്കുന്നത്.

ദേശീയ ടീമിന്റെ മുഖ്യ പരിശീലകന്‍ ഇഗോ സ്റ്റിമാച്ചിന്റെ ട്വീറ്റ് പങ്കുവച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചാണ് വാര്‍ത്ത പുറത്തുവിട്ടത്. ദേശീയ ടീമുമായി കേരള ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരം കളിക്കുമെന്ന് വുകോമാനോവിച്ച് ട്വീറ്റില്‍ അറിയിച്ചു. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

സെപ്റ്റംബറില്‍ കേരളത്തില്‍ ദേശീയ ടീമിന്റെ ക്യാംപും ഏതാനും മത്സരങ്ങളും നടക്കുമെന്ന് കഴിഞ്ഞ ദിവസം ഇഗോര്‍ സ്റ്റിമാച്ച് ട്വിറ്ററില്‍ അറിയിച്ചിരുന്നു.

‘ദക്ഷിണേന്ത്യയില്‍നിന്നും ഫുട്ബോള്‍ പ്രസരിപ്പിക്കാനും അവിടത്തെ ആരാധകരുടെ സ്നേഹവും അഭിനിവേശവും അനുഭവിക്കാനുമുള്ള അവസരമാണ് വരുന്നത്. കൊല്‍ക്കത്ത എനിക്ക് പ്രിയപ്പെട്ടതു തന്നെയാണ്. ഉടന്‍ തന്നെ നമ്മള്‍ കാണും.” ഇഗോര്‍ ട്വീറ്റ് ചെയ്തു. കേരളത്തിലെ ഫുട്ബോള്‍ ആരാധകരോട് സ്റ്റേഡിയത്തിലേക്ക് സ്റ്റിമാച്ച് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്.

ഈ ട്വീറ്റ് പങ്കുവച്ചായിരുന്നു വുകോമാനോവിച്ചിന്റെ സ്ഥിരീകരണം. 45-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന ലോകത്തെങ്ങുമുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നന്ദി അറിയിച്ച് വുകോമാനോവിച്ച് നേരത്തെ സമൂഹമാധ്യമങ്ങളില്‍ വിശദമായ കുറിപ്പിട്ടിരുന്നു.

You Might Also Like