സൈല്ലന്റ് കില്ലറെ ബ്ലാസ്റ്റേഴ്‌സ് മറന്നത് എന്തുകൊണ്ട്? ആഘോഷിക്കപ്പെടാതെ പോയ വജ്രായുധം

Image 3
FootballISL

എനിക്ക് ബെഞ്ചിലിരിക്കാന്‍ കഴിയില്ല, അതിനാല്‍ ഞാന്‍ റിട്ടയര്‍ ചെയ്യുകയാണ്’ 18 വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിവിധ മൈതാനത്ത് പന്തുതട്ടിയ ശേഷം മെഹ്താബ് ഹുസൈന്‍ കൊല്‍ക്കത്തയിലെ വിഖ്യാത മൈതാനമായ സാള്‍ട്ട് ലാക്കില്‍ മോഹന്‍ ബഗാനായി അവസാന മത്സരം കളിക്കാന്‍ 2019ല്‍ എത്തയപ്പോള്‍ പറഞ്ഞ വാക്കുകളാണിത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ അധികമാരും ആഘോഷിക്കാതെ പോയ പ്രതിഭാസനനായിരുന്നു മെഹ്താബ്. ജിങ്കന്‍ കഴിഞ്ഞാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച താരം.

കരിയറില്‍ ഇരുനൂറിലധികം മത്സരങ്ങളാണ് മെഹ്താബ് വിവിധ ക്ലബുകള്‍ക്കായി ബൂട്ടുകെട്ടിയത്. ഇതില്‍ കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മോഹന്‍ ബാഗാനും ഈസ്റ്റ് ബംഗളിനും മലയാളികളുടെ പ്രിയ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിനുമായെല്ലാം മെഹ്താബ് കളിച്ചു. ഈ വര്‍ഷം മെഹ്താബ് പുറത്തിറക്കിയ തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങ് ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രധാന ക്ലബുടമകളുടെ സംഘമ വേദിയായതും അതുകൊണ്ടാണ്.

ഐ എഫ് എ ബേബി ലീഗിലൂടെ ഫുട്‌ബോള്‍ വെള്ളിവെളിച്ചത്തിലെത്തിയ മെഹ്ത്താബ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഫുട്‌ബോള്‍ ടീമിലൂടെയാണ് യൂത്ത് കരിയര്‍ ആരംഭിക്കുന്നത്. ആദ്യ പ്രഫഷണല്‍ ക്ലബ് ടോളിഗംഗേ അഗ്രഗാമിയാണ്. 2001ലാണ് അദ്ദേഹം ഇവിടെയെത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം 2003ല്‍ മെഹ്താബിനെ കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മോഹന്‍ ബഗാന്‍ സ്വന്തമാക്കി. 39 മത്സരങ്ങള്‍ മോഹന്‍ ബഗാനില്‍ കളിച്ചതിനു ശേഷം ഒഎന്‍സിയിലെത്തിയ മെഹ്ത്താബ് അവിടെ നിന്നും ബഗാന്റെ ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിലേക്ക് കുറുമാറി. 10 വര്‍ഷത്തോളമാണ് ഈസ്റ്റ് ബംഗാളുമായി മെഹ്ത്താബ് ആത്മബന്ധം പുലര്‍ത്തിയത്.

ഇതിനിടെ ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സില്‍ ലോണിലെത്തിയ താരം തന്റെ കൈയ്യൊപ്പ് കേരളത്തിലും പതിച്ചു. 2014ല്‍ ആദ്യ ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സി കുന്തമുനയായി മാറിയ മെഹ്ത്താബ് ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഒരു വര്‍ഷത്തിനിപ്പുറം 2016ലും ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയപ്പോള്‍ മെഹ്ത്താബായിരുന്നു മധ്യനിരയിലെ ബ്ലാസ്‌റ്റേഴ്‌സ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ പ്രിയ താരമായി മാറിയ മെഹ്ത്താബിനെ ചൊല്ലിയായിരുന്നു 2017ല്‍ ക്ലബും കോച്ചും തമ്മില്‍ വഴിപിരിഞ്ഞത് തന്നെ.

മെഹ്ത്താബിനെ നിലനിര്‍ത്തണമെന്ന് കോപ്പല്‍ ആവശ്യപ്പെട്ടപ്പോള്‍ വിനീത് അടക്കമുളള താരങ്ങളെ നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ് മെഹ്ത്താബിനോടും കോപ്പലിനോടും നന്ദികേട് കാണിക്കുകയായിരുന്നു. എന്നാല്‍ മെഹ്ത്താബിനായി ക്ലബ് തന്നെ ഉപേക്ഷിക്കാന്‍ കോപ്പല്‍ തയ്യാറാകുകയും ഇരുവരും ഐഎസ്എല്ലില്‍ നവാഗതരായ ജംഷഡ്പൂരിലേക്ക് മാറുകയുമായിരുന്നു. ആ സീസണിലെ പ്ലെയര്‍ ഡ്രാഫ്റ്റില്‍ കോപ്പല്‍ ആദ്യം വിളിച്ചെടുത്തത് മെഹ്ത്താബിനെയായിരുന്നു.

ജംഷഡ്പൂരിനായി ആ സീസണ്‍ മുഴുവന്‍ കളിച്ച മെഹ്ത്താബ് പിന്നീട് തന്റെ പഴയ ക്ലബ് മോഹന്‍ ബഗാനിലേക്ക് തിരിച്ച് പോകുകയും അവിടെ കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതിനിടെ പലപ്പോഴായി ഇന്ത്യയ്ക്കായി പന്ത് തട്ടിയ താരം 31 മത്സരങ്ങളില്‍ നീലജെഴ്‌സി അണിഞ്ഞു. രണ്ട് രാജ്യന്തര ഗോളും നേടി.

ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനായി 38 മത്സരങ്ങളാണ് ഈ കൊല്‍ക്കത്തന്‍ സ്വദേശ് പന്തുതട്ടിയത്. ജംഷഡ്പൂരിനായി 12 മത്സരവും കളിച്ചു. ഇതില്‍ 17 ടാക്കിള്‍സും 73 ഇന്റര്‍സെപ്ഷനുകളും 59 ക്ലീയറന്‍സും ഉള്‍പ്പെടുന്നു എന്നത് മെഹ്ത്താബിന്റെ ക്വാളിറ്റിയ എടുത്ത് കാണിക്കുന്നു. നിലവില്‍ കൊല്‍ക്കത്തന്‍ ലീഗില്‍ കളിക്കുന്ന സതേണ്‍ സമിറ്റിയുടെ പരിശീലകന്‍ ആണ് മഹ്താബ് ഹുസൈന്‍.

ശരിക്കും ബ്ലാസ്റ്റേഴ്‌സില്‍ ആഘോഷിക്കപ്പെടാതെ പോയ താരമാണ് മെഹ്ത്താബ് ഹുസൈന്‍. വിജയത്തിനായി കളിക്കളത്തില്‍ ഏതറ്റം വരെ പോകുന്ന മെഹ്ത്താബ് കേരള ബ്ലാസ്‌റ്റേഴ്‌സ് കണ്ട ഏറ്റവും മികച്ച ഡിഫെന്‍സിവ് മിഡ്ഫീല്‍ഡര്‍ ആയിരുന്നു.