ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാന്‍ വേതനം കുറക്കാനും തയ്യാര്‍, നിലപാട് വ്യക്തമാക്കി മാര്‍സെലീന്യോ

ഏതുവിധേനയും ഐഎസ്എല്ലില്‍ മഞ്ഞകുപ്പായത്തില്‍ കളിക്കണമെന്ന ആഗ്രഹത്തിലാണ് ഐഎസ്എല്ലിലെ ബ്രസീല്‍ സൂപ്പര്‍ താരം മാര്‍സലീന്യോയെന്ന് റിപ്പോര്‍ട്ട്. ഇതിനായി ഹൈദരാബാദില്‍ വാങ്ങിയ വേതനം കുറക്കാന്‍ വരെ താരം തയ്യാറാണെന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

മാര്‍സെലീന്യോയും ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അത്ഭുതമൊന്നും സംഭവിച്ചില്ലങ്കില്‍ മാര്‍സെലീന്യോ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് കുപ്പായമിണിഞ്ഞേക്കും.

അതെസമയം മാര്‍സെലീന്യോയെ സ്വന്തമാക്കാന്‍ മറ്റൊരു ഐഎസ്എല്‍ ക്ലബ് കൂടി രംഗത്തുണ്ട്. മാര്‍സെലീന്യോയ്ക്ക് ബ്ലാസ്‌റ്റേഴ്‌സിലേക്ക് ചേക്കേറാനാണ് താല്‍പര്യമെങ്കിലും വേതനത്തിന്റെ കാര്യത്തില്‍ ഇനിയും തര്‍ക്കം വന്നാല്‍ മാത്രമാണ് ഈ ക്ലബിനെ മാര്‍സെലീന്യോ പരിഗണിക്കൂ.

കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ നവാഗതരായ ഹൈദരാബാദ് എഫ്‌സിക്കായാണ് മാര്‍സലീന്യോ കളിച്ചത്. ഭീമമായ തുകയ്ക്കായിരുന്നു മാര്‍സെലീന്യോ ഹൈദരാബാദിലെത്തിയത്. എന്നാല്‍ ഈ സീസണില്‍ ഹൈദരാബാദില്‍ തുടരില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണില്‍ മാര്‍സെലീന്യോയ്ക്ക് ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാനായെങ്കില്‍ ലീഗില്‍ ടീം ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് എഫ്സി ഐഎസ്എല്‍ അവസാനിപ്പിച്ചത്.

മുമ്പ് ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോള്‍ ഐ എസ് എല്ലില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാര്‍സെലീനോ. കഴിഞ്ഞ ഐ എസ് എല്ലില്‍ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു. ഇതുവരെ ഐ എസ് എല്ലില്‍ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയിട്ടുണ്ട് മാര്‍സെലീന്യോ.

You Might Also Like