ബ്ലാസ്‌റ്റേഴ്‌സിന് കൊച്ചി വിടേണ്ടി വരും, കെസിഎ വഴി തിരിച്ചടി

കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റും സ്റ്റേഡിയം ക്രിക്കറ്റ് വേദി കൂടി ആക്കണമെന്ന ആവശ്യവുമായി വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷന്‍. സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേര്‍സ് ഫുട്ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ആവശ്യവുമായി വീണ്ടും കെസിഎ രംഗത്തെത്തിയിരിക്കുന്നത്.

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ജിസിഡിഎ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെസിഎ ഏകദേശം പതിനൊന്നു കോടിയോളം മുടക്കുകയും. കൂടാതെ ഒരു കോടി രൂപ ജിസിഡിഎക്ക് ഡെപ്പോസിറ്റായിയും നല്‍കിയിട്ടുണ്ട്. ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജിസിഡിഎക്ക് കത്ത് നല്‍കി.

കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബോളും ഒരേ പോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കേ മലബാറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല, ഐഎസ്എല്‍ വരുന്നതിന് മുമ്പ് സ്റ്റേഡിയം പരിപാലിച്ചിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം അനുവദിക്കണമെന്ന് ജിസിഡിഎയോട് ആവശ്യപ്പെടുന്നതെന്ന് കെസിഎ വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേര്‍സ് കോഴിക്കോട് സ്റ്റേഡിയം രണ്ടാം ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഐഎസ്എല്‍ ഷെഡ്യൂളിനെ ബാധിക്കാത്ത തരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കണമെന്ന് കെസിഎ പ്രസിഡന്റ് സജന്‍ വര്‍ഗീസ് ആവശ്യപ്പെട്ടു.

നേരത്തെയും സമാന ആവശ്യവുമായി കെസിഎയും ക്രിക്കറ്റ് ആരാധകരും രംഗത്തെത്തിയിരുന്നെങ്കിലും വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്ന് വന്നത്. തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമുള്ളപ്പോള്‍ വീണ്ടും കെസിഎ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി കൊച്ചിയിലേക്കെത്തുന്നതിനെതിരെ ആയിരുന്നു പ്രതിഷേധം. ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി കോടികള്‍ ചെലവഴിച്ച് രാജ്യാന്തര നിലവരത്തിലേക്ക് ഉയര്‍ത്തിയ സ്റ്റേഡിയമാണ് കലൂര്‍. ഫിഫ അംഗീകരിച്ച രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളില്‍ ഒന്നാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം.

ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള വേദിയായി കലൂര്‍ സ്റ്റേഡിയത്തെ പരിഗണിക്കുന്നതിനിടയിലാണ് സൂപ്പര്‍ലീഗ് മല്‍സരങ്ങള്‍ വരുന്നതും ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി മാറുന്നതും. പിന്നീട് ഫിഫ അണ്ടര്‍ -17 ലോകകപ്പ് മത്സരങ്ങള്‍ക്കായി പ്രതലം പുതുക്കി പണിതതോടെ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കഴിയാതായി. പാട്ടക്കാലാവധി നിലനില്‍ക്കെയാണ് സ്റ്റേഡിയം ഫുട്ബാള്‍ മത്സരങ്ങള്‍ക്കായി വിട്ടു നല്‍കിയത്.

You Might Also Like