ആ ഗ്രൗണ്ടില്‍ പന്ത് മുയലിനെ പോലെയായിരുന്നു, ഇന്ത്യന്‍ അനുഭവങ്ങള്‍ പങ്കുവെച്ച് വികൂന

Image 3
Football

ഒരു വര്‍ഷത്തെ ഇന്ത്യന്‍ അനുഭവങ്ങള്‍ പോളിഷ്, സ്പാനിഷ് മാധ്യമങ്ങളോട് പങ്കുവെക്കുന്ന തിരക്കിലാണ് കേരള ബ്ലാസറ്റേഴ്‌സ് പരിശീലകന്‍ കിബു വികൂന. മോഹന്‍ ബഗാനെ പരിശീലിപ്പിച്ച് ഐലീഗ് കിരീടനേട്ടത്തിലെത്തിച്ച വികൂനയ്ക്ക് ഇന്ത്യ എന്നാല്‍ പറഞ്ഞ് തീരാത്ത അനുഭവങ്ങള്‍ സമ്മാനിച്ച അത്ഭുതങ്ങളുടെ നാടാണ്.

ഇന്ത്യയിലെ സംസ്‌കാരത്തേയും ജനങ്ങളേയും ഏറെ ബഹുമാനിക്കുന്ന വികൂന യൂറോപ്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതാണ് ഇവിടത്തെ അനുഭവമെന്ന് തുറന്ന് പറയുന്നു. കഴിഞ്ഞ ദിവസം ഒരു പോളിഷ് മാധ്യമത്തിന് അനുഭവച്ച അഭിമുഖത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ഒരു ചോദ്യം ഇന്ത്യയിലെ ഏറ്റവും മോശം ഗ്രൗണ്ട് ഏതാണെന്നായിരുന്നു.

അതിന് വികൂന നല്‍കിയ മറുപടി താന്‍ കളിച്ചതില്‍ ഏറ്റവും മോശം ഗ്രൗണ്ട് പഞ്ചാബ് എഫ്‌സിയ്ക്ക് എതിരൈ ആയിരുന്നെന്നാണ്. ഒരു മുയലിനെ പോലെയാണ് ആ ഗ്രൗണ്ടില്‍ പന്ത് പെരുമാറിയതെന്നും മുകളിലേക്കും താഴേക്കും ചാടിചാടി നടക്കുകയായിരുന്നെന്നും കിബു ഓര്‍ക്കുന്നു. മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞെന്നും കിബു പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും മികച്ച സ്റ്റേഡിയം ഉളളത് കൊല്‍ക്കത്തയിലാണെന്നാണ് കിബുവിന്റെ പക്ഷം, കൊല്‍ക്കത്തിയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തെ കിബു പേരെടുത്ത് പ്രശംസിച്ചു.

‘കൊല്‍ക്കത്തയി സാള്‍ട്ട് ലേക്ക് സ്റ്റേഡിയം ആണ് മികച്ചത്, അണ്ടര്‍ 17 ലോകകപ്പിനായി ലോകോത്തര നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച സ്റ്റേഡിയം ആണത്. ഫൈനലില്‍ സ്‌പെയിനിനെതിരെ ഇംഗ്ലണ്ട് വിജയിച്ചു. അവിടെ വളരെ നല്ല പരിശീലന പിച്ചുകളും ഉണ്ട്. എന്നാല്‍ ഗോവയില്‍ വളരെ നല്ല സൗകര്യവുമുണ്ട്. മുംബൈ സിറ്റിയ്ക്കും കേരള ബ്ലാസ്റ്റേഴ്‌സിനും എല്ലാം മികച്ച സ്റ്റേഡിയങ്ങളുണ്ട്. രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൊതുവെ മികച്ചതാണ്’ കിബു പറഞ്ഞ് നിര്‍ത്തി.