എര്‍ത്തടിച്ച് കേരള ബ്ലാസ്റ്റേഴ്സ്, എന്തൊരു ദുരന്തം!

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 1-കെഎസ്ഇബി 4

കൊച്ചി: കേരള പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സീസണിലെ അവസാന മത്സരത്തില്‍ തോല്‍വി. ബി ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരത്തില്‍ കരുത്തരായ കെഎസ്ഇബിയോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. സെമി പ്രവേശനത്തിന് വിജയം അനിവാര്യമായ മത്സരത്തില്‍ ആദ്യമിനുറ്റ് മുതല്‍ അവസാനം വരെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പൊരുതിക്കളിച്ചെങ്കിലും നിര്‍ഭാഗ്യവും ഫിനിഷിങിലെ പോരായ്മയും തിരിച്ചടിയായി. രണ്ടാം പകുതിയുടെ പരിക്ക് സമയത്ത് (90+4) നഓറം മഹേഷ് സിങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ നിജോ ഗില്‍ബെര്‍ട്ടും (33) എല്‍ദോസ് ജോര്‍ജും (40), രണ്ടാം പകുതിയില്‍ എം.വിഗ്നേഷും (80) പി.അജീഷും (87) നേടിയ ഗോളുകളാണ് കെഎസ്ഇബിക്ക് തുണയായത്. അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് രണ്ടു വീതം ജയവും തോല്‍വിയും, ഒരു സമനിലയുമടക്കം ഏഴു പോയിന്റുകള്‍ നേടി ബി ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായാണ് മടങ്ങുന്നത്. തുടര്‍ച്ചയായ നാലാം ജയത്തോടെ കെഎസ്ഇബി സെമിഫൈനലില്‍ കടന്നു.

നാല് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കെഎസ്ഇബിക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങിയത്. ക്യാപ്റ്റന്‍ ടി.ഷഹജാസ് ബ്ലാസ്റ്റേഴ്സ് നിരയില്‍ തിരിച്ചെത്തി. മുഹമ്മദ് ജിയാദ്, നഓറം ഗോബിന്ദാഷ് സിങ്, നഓറം മഹേഷ് സിങ് എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. സച്ചിന്‍ സുരേഷ്, ബിജോയ്.വി, സുജിത്ത് വി.ആര്‍, സുരാഗ് ഛേത്രി, ആസിഫ് ഒ.എം, ഗലിന്‍ ജോഷി, യൊഹംബ മീട്ടെയ് എന്നിവരായിരുന്നു മറ്റു ടീമംഗങ്ങള്‍. മധ്യനിരയില്‍ ഒരേയൊരു മാറ്റം വരുത്തിയാണ് കെഎസ്ഇബി കളത്തിലിറങ്ങിയത്.

ആദ്യ മിനുറ്റുകളിലെ കെഎസ്ഇബി ആക്രമണത്തെ ബ്ലാസ്റ്റേഴ്സ് ചെറുത്തുനിന്നു. സ്ട്രൈക്കര്‍മാരായ എല്‍ദോസ് ജോര്‍ജിന്റെയും മുഹമ്മദ് പാറേക്കോട്ടിലിന്റെയും രണ്ട് ശ്രമങ്ങളും സച്ചിന്‍ സുരേഷ് വലയിലെത്താതെ കാത്തു. ജെറീറ്റോയുടെ ബോക്സ് കയറിയുള്ള ഒരു മുന്നേറ്റത്തിന് ഷഹജാസും തടയിട്ടു. തുടക്കത്തിലെ ലീഡിനായി ബ്ലാസ്റ്റേഴ്സും ചില ശ്രമങ്ങള്‍ നടത്തി. സുരാഗ് ഛേത്രിയായിരുന്നു ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

32ാം മിനുറ്റില്‍ കെഎസ്ഇബി കളിയിലെ ആദ്യ ലീഡെടുത്തു. ബോക്സിന്റെ വലത് കോര്‍ണറില്‍ നിന്ന് എല്‍ദോസ് ജോര്‍ജ് നല്‍കിയ ക്രോസില്‍ നിജോ ഗില്‍ബെര്‍ട്ട് കൃത്യം കണക്ട്റ്റ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് മുഹമ്മദ് ജിയാദിന് പകരം ഇ.സജീഷിനെ ഇറക്കി. കെഎസ്ഇബി വീണ്ടും ലീഡ് നേടി. ഇടത് വിങില്‍ നിന്ന് നിജോ ഗില്‍ബെര്‍ട്ട് നല്‍കിയ ക്രോസ് എല്‍ദോസ് ജോര്‍ജ്ജ് ഗോളാക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കും മുമ്പേ ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്ക്് ശ്രമിച്ചെങ്കിലും കെഎസ്ഇബി ഗോളി ഷൈന്‍ഖാന്‍ വില്ലനായി. കോര്‍ണര്‍ ലഭിച്ചെങ്കിലും അവസരം മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല.

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചെങ്കിലും ഫലമുണ്ടായില്ല. ലീഡുയര്‍ത്തുന്നതിന് പകരം കെഎസ്ഇബി പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബ്ലാസ്റ്റേഴ്സ് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം അകന്നു. 80ാം മിനുറ്റില്‍ പകരക്കാരനായി എത്തിയ എം.വിഗ്നേഷും 87ാം മിനുറ്റില്‍ പി.അജീഷും നേടിയ ഗോളിലൂടെ കെഎസ്ഇബി ലീഡ് നാലാക്കി ഉയര്‍ത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ കൈവിട്ടില്ല. കളി തീരാന്‍ ഒരു മിനുറ്റ് മാത്രം ബാക്കിനില്‍ക്കേ നഓറം മഹേഷ് സിങിലൂടെ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ തിരിച്ചടിച്ചു. ബോക്സിന് തൊട്ട്പുറത്ത് നിന്ന് അകത്തേക്ക് നഓറം ഗോബിന്ദാഷ് സിങ് നല്‍കിയ പാസില്‍ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍.

You Might Also Like