ബ്ലാസ്റ്റേഴ്‌സിലേക്കില്ല, കിബുവിന്റെ പ്രിയ ശിഷ്യനെ റാഞ്ചി മറ്റൊരു ഇന്ത്യന്‍ ക്ലബ്
കഴിഞ്ഞ സീസണിലെ മോഹന്‍ ബഗാന്‍ സൂപ്പര്‍ താരം ജൊസബ ബെയ്റ്റിയ ഈ സീസണില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്‌സിയിലേക്ക് കൂടുമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബെയ്റ്റിയയുമായി പഞ്ചാബ് എഫ്‌സിയുടെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സീസണിന്റെ തുടക്കത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയേക്കും എന്ന ശക്തമായ റൂമറുകള്‍ ഉണ്ടായ താരമാണ് ബെയ്റ്റിയ. താരത്തിന് ബ്ലാസ്‌റ്റേഴ്‌സ് 75 ലക്ഷം രൂപ എന്ന വാര്‍ഷിക കരാര്‍ നല്‍കാനായുളള ഓഫറും നല്‍കിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ച പിന്നീട് ഇരുകൂട്ടരും മുന്നോട്ട് കൊണ്ട് പോയില്ല.
കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ബെയ്റ്റിയ. നിലവിലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയ്ക്ക് കീഴില്‍ ഐലീഗിലെ എല്ലാ മത്സരവും കളിച്ച താരം ടീമിനെ ഐലീഗ് കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കും വഹിച്ചിരുന്നു. ഇതോടെ ഈ സീസണില്‍ നിരവധി ഓഫറുകളാണ് ഐലീഗില്‍ നിന്ന് ബെയ്റ്റിയക്ക് ലഭിച്ചത്.
ഐ ലീഗില്‍ കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനിന്റെ 16 മത്സരങ്ങളിലും കളിച്ച ബെയ്റ്റിയ 3 ഗോളുകളും 9 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. 2019-ല്‍ ആണ് ബെയ്റ്റിയ മോഹന്‍ ബഗാനില്‍ എത്തുന്നത്.
റയല്‍ സോസിഡാഡ് -ബി ടീമിനു വേണ്ടി കളിച്ചു കൊണ്ടായിരുന്നു പ്രെഫഷണല്‍ ഫുട്ബോളില്‍ ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. സോസിഡാസിനായി 92 മത്സരങ്ങളില്‍ നിന്ന് 69 ഗോളുകളും നേടി. അവിടെ നിന്നും ചില സ്പാനിഷ് ക്ലബുകള്‍ക്കായി കളിച്ച താരം പിന്നീട് ഇന്ത്യയിലേക്ക് വിമാനം കയറുകയായിരുന്നു.