ഇത്ര കൂറുളള മറ്റൊരു കളിക്കാരനുണ്ടോ? ‘കിരീടം നേടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിലുണ്ടാകണം’
കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഐഎസ്എല്‍ കിരീടമുയര്‍ത്തുമ്പോള്‍ താന്‍ ആ ടീമിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരം ജെസ്സല്‍ കാര്‍നെറോ. കഴിവ് തെളിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആണ് തനിക്ക് അവസരം നല്‍കിയതെന്നും അതിനാല്‍ തന്നെ ക്ലബിന്റെ ലക്ഷ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് തന്റെ ആഗ്രഹമെന്നും ജെസ്സല്‍ വ്യക്തമാക്കി.
ബ്ലാസ്റ്റേഴ്‌സുമായി മൂന്ന് വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയതിന് പിന്നാലെയാണ് ഈ ഗോവന്‍ പ്രതിരോധ താരം മനസ്സ് തുറന്നത്. ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രഖ്യാപനവും ജെസ്സലിനെ കുറിച്ചായിരുന്നു.
‘ക്ലബ് തങ്ങളുടെ ആദ്യ ഐഎസ്എല്‍ ട്രോഫി ഉയര്‍ത്തുമ്പോള്‍ ടീമിന്റെ ഭാഗമാകാനാണ് ഞാന്‍ ലക്ഷ്യമിടുന്നത്. എന്റെ കഴിവ് തെളിയിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എനിക്ക് അവസരം നല്‍കി, തുടര്‍ന്നും മികച്ച ശ്രമങ്ങള്‍ നടത്താനും വരാനിരിക്കുന്ന സീസണുകളില്‍ ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ക്കായി ക്ലബിനൊപ്പം നില്കുവാനും ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് എനിക്ക് ഒരു പുതിയ തുടക്കമാണ്, ഞങ്ങളുടെ പുതിയ ഹെഡ് കോച്ച് കിബു വികുനയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ ജെസ്സല്‍ വ്യക്തമാക്കി.
ഗോവന്‍ പ്രൊഫഷണല്‍ ലീഗിലൂടെ വളര്‍ന്നുവന്ന ജെസ്സല്‍ 2018-19 വര്‍ഷം സന്തോഷ് ട്രോഫിയില്‍ ഗോവന്‍ ടീമിന്റെ നായകനായിരുന്നു. കളിക്കളത്തില്‍ വലിയ അനുഭവസമ്പത്തുള്ള ജെസ്സല്‍, വരാനിരിക്കുന്ന സീസണിലെ കെബിഎഫ്‌സി പ്രതിരോധനിരയുടെ നെടുംതൂണായി മാറും.
‘ഇന്ത്യയിലെ മുന്‍നിര ലെഫ്റ്റ് ബാക്കുകളില്‍ ഒരാളാണ് ജെസ്സല്‍. കഴിഞ്ഞ സീസണില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം ഞങ്ങളുടെ ടീമിന് വളരെ പ്രധാനപ്പെട്ട കളിക്കാരനുമാണ്. അദ്ദേഹത്തിന് ക്ലബിനൊപ്പം തുടരാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ‘ കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് കിബു വികുന പറയുന്നു.