പ്രീസീസണില്‍ ഇനി ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുക ഈ ടീമുകളുമായി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഐഎസ്എല്‍ പ്രീസീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ തോല്‍പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇന്ത്യന്‍ താരങ്ങള്‍ മാത്രം ഏറ്റുമുട്ടിയ എണ്‍പത് മിനിറ്റ് മത്സരത്തില്‍ മലയാളി താരം കെപി രാഹുല്‍ നേടിയ ഇരട്ടഗോളില്‍ ആയിരുന്നു ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാതെ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. ഇതോടെ സീസണ്‍ മുന്നൊരുക്കം ആത്മവിശ്വാസത്തോടെ തുടങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സിനാകും.
നിലവില്‍ പ്രീ സീസണില്‍ മൂന്ന് മത്സരങ്ങളാണ് ഇനി ബ്ലാസ്‌റ്റേഴ്‌സിന് അവശേഷിക്കുന്നത്. ഐഎസ്എല്‍ ടീമുകളായ ഒഡീഷ എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി. മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകളുമായാണ് പ്രീസീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. മറ്റ് ചില ടീമുകളുമായും കളിക്കാനുളള സാധ്യത ബ്ലാസ്റ്റേഴ്‌സ് പരിശോധിക്കുന്നുണ്ട്.
ഇതില്‍ ജംഷഡ്പൂരുമായുളള മത്സരത്തിന്റെ തീയ്യതി മാത്രമാണ് നിലവില്‍ പുറത്ത് വന്നിട്ടുളളു. അടുത്തമാസം 14നാണ് ജംഷഡ്പൂരുമായുളള മത്സരം നടക്കുക. മറ്റ് മത്സരങ്ങളുടെ തീയ്യതി ഇനിയും നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ അറിയിച്ചത്.
നിലവില്‍ കോവിഡ് കാരണം ഗോവയില്‍ തന്നെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസണ്‍ മത്സരങ്ങളെല്ലാം. ഐഎസ്എല്‍ ടീമുകളുമായി മാത്രമാകും ബ്ലാസ്റ്റേഴ്‌സിന്റെ മത്സരമെല്ലാം. ടീമുകളെല്ലാം ബയോ സെക്യുര്‍ ബബിളിനുളളില്‍ പ്രവേശിച്ചതാണ് കാരണം.
അടുത്ത മത്സരങ്ങളില്‍ ചില ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങളും കളത്തിലിറങ്ങിയേക്കും. നിലവില്‍ ക്വാറന്‍ഡീനില്‍ കഴിയുന്ന വിദേശ താരങ്ങളെ പരിക്ക് പറ്റാത്ത വിധത്തില്‍ മാത്രമാകും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കു.