ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടാന്‍ ബദ്ധവൈരികളും, പോരാട്ടം കടുക്കും

പ്രീസീസന്റെ ഭാഗമായി ഇനി ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുക നാല് ടീമുകളുമായി. നേരത്തേതില്‍ നിന്ന് വ്യത്യസ്തമായി ബദ്ധവൈരികളായ എടികെ മോഹന്‍ ബഗാനുമായും ബ്ലാസ്റ്റേഴ്‌സ് കളിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രീസീസണ്‍ മത്സരങ്ങളുടെ എണ്ണം വീണ്ടും വര്‍ധിച്ചത്.

എടികെ മോഹന്‍ ബഗാനെ കൂടാതെ ഒഡീഷ എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി,മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകളുമായാണ് ബ്ലാസ്റ്റേഴ്‌സ് പ്രീസീസണില്‍ ഇനി ഏറ്റുമുട്ടുക. അടുത്ത മാസം 14നാണ് ജംഷഡ്പൂരുമായുളള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. മറ്റ് ടീമുകളുമായി ബ്ലാസ്റ്റേഴ്‌സ് എപ്പോഴാണ് ഏറ്റുമുട്ടുന്നത് എന്ന കാര്യം ഇനി വ്യക്തമാകേണ്ടതുണ്ട്.

പ്രീസീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയെ തോല്‍പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മറ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങുക. ഇന്ത്യന്‍ താരങ്ങള്‍ മാത്രം ഏറ്റുമുട്ടിയ എണ്‍പത് മിനിറ്റ് മത്സരത്തില്‍ മലയാളി താരം കെപി രാഹുല്‍ നേടിയ ഇരട്ടഗോളില്‍ ആയിരുന്നു ഹൈദരാബാദ് എഫ്സിയെ എതിരില്ലാതെ ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്.

നിലവില്‍ കോവിഡ് കാരണം ഗോവയില്‍ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ്‍ മത്സരങ്ങളെല്ലാം. ഐഎസ്എല്‍ ടീമുകളുമായി മാത്രമാകും. ടീമുകളെല്ലാം ബയോ സെക്യുര്‍ ബബിളിനുളളില്‍ പ്രവേശിച്ചതാണ് കാരണം.

അടുത്ത മത്സരങ്ങളില്‍ ചില ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങളും കളത്തിലിറങ്ങിയേക്കും. നിലവില്‍ ക്വാറന്‍ഡീനില്‍ കഴിയുന്ന വിദേശ താരങ്ങളെ പരിക്ക് പറ്റാത്ത വിധത്തില്‍ മാത്രമാകും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കു.

You Might Also Like