; )
ഐഎസ്എല്‍ ഏഴാം സീസണിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക് എല്ലാ വിദേശ താരങ്ങളും എത്തി. ഏറ്റവും ഒടുവില്‍ ഓസ്ട്രേലിയന്‍ താരം ജോര്‍ദാന്‍ മുറെയും അര്‍ജന്റീനന്‍ താരം ഫക്കുണ്ടോ പെരേരയുമാണ് എത്തിയത്. ഗോവയിലെത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
ഇനി 14 ദിവസത്തെ ക്വാറഡീന് ശേഷമാണ് ഇരുവരും കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുക. ഇതോടെ ആദ്യ മത്സരങ്ങളില്‍ ഇരുവരുടേയും സേവനം ലഭിക്കുമോയെന്ന കാര്യം കാത്തിരുന്ന് തന്നെ കാണണം. പ്രീസീസണ് മത്സരങ്ങള്‍ ഇരുവര്‍ക്കും പൂര്‍ണ്ണമായും നഷ്ടമാകും എന്ന് ഉറപ്പായിട്ടുണ്ട്.
അതെസമയം ബ്ലാസ്റ്റേഴ്സിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ഗാരി ഹൂപ്പര്‍ ക്വാറന്ഡീന് പൂര്‍ത്തിയാക്കി ടീമിനൊപ്പം പരിശീലകനനത്തിന് ഇറങ്ങി. ഇതോടെ ഇനി വരുന്ന മൂന്ന് പ്രീസീസണ് മത്സരങ്ങളിലും ഹൂപ്പറിന്റെ സാന്നിധ്യം ഭാഗികമായെങ്കിലും ഉണ്ടാകും. നിലവില്‍ ഇതുവരെ ഇന്ത്യന്‍ താരങ്ങളെ മാത്രം വെച്ചാണ് ബ്ലാസ്റ്റേഴ്സ് പ്രീസീസണിന് ഇറങ്ങിയത്.
ഇതില്‍ ആദ്യ മത്സരത്തില്‍ ഹൈദരാബാദിന് 2-0ത്തിന് തോല്പിച്ചപ്പോള് രണ്ടാം മത്സരം മുംബൈയോട് ഗോള്‍ രഹിത സമനിലയും വഴങ്ങി. മലയാളി താരം കെപി രാഹുലാണ് ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.
നിലവില്‍ ഈ മാസം 20നാണ് ഐഎസ്എല്‍ മത്സരങ്ങള്‍ തുടക്കമാകുക. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ എടികെ മോഹന്‍ ബഗാനെയാണ് നേരിടുക.