ഉടക്ക് മൂര്‍ച്ഛിച്ച് ബ്ലാസ്റ്റേഴ്‌സും ഓഗ്‌ബെചെയും, മുതലെടുക്കാന്‍ മറ്റൊരു ക്ലബ്
കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ ബെര്‍ത്തലമോവ് ഓഗ്‌ബെചെയെ സ്വന്തമാക്കാന്‍ മറ്റൊരു ഐഎസ്എല്‍ ക്ലബ് ഒരുങ്ങുന്നതായി സൂചന. ബ്ലാസ്‌റ്റേഴ്‌സും ഓഗ്‌ബെചെയും തമ്മില്‍ ഇതുവരെ ധാരണയാകാത്ത പശ്ചാത്തലത്തിലാണ് മൂന്നാമന്റെ രംഗപ്രവേശനം.
പ്രതിഫലം വെട്ടികുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സും അതിന് കഴിയില്ലെന്ന് ഓഗ്‌ബെചയും തീര്‍ത്ത് പറഞ്ഞതോടെ പ്രതിസന്ധി കനക്കുകയാണ്. ഇതോടെയാണ് സൂക്ഷ്മം സാഹചര്യങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ക്ലബ് ഓഗ്‌ബെചെയെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കുന്നത്.
ഓഗ്‌ബെചെ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാനായാല്‍ ഈ നൈജീരിയന്‍ താരത്തെ ബ്ലാസ്റ്റേഴ്‌സിന് നഷ്ടപ്പെട്ടേയ്ക്കും. പ്രമുഖ സ്‌പോട്‌സ് ജേര്‍ണലിസ്റ്റി മാര്‍ക്കസ് മെര്‍ഗുലാനോ ആണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സീസണില്‍ കേരളത്തെ ഒറ്റയ്ക്ക് നയിച്ച താരമാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഓഗ്ബെചെ. ഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്‌ബെചെ മാറിയിരുന്നു. ഒരു വര്‍ഷത്തേക്കു കൂടെ ഓഗ്ബെചെ കേരളത്തില്‍ കരാര്‍ ഉണ്ട്. എന്നാല്‍ പ്രതിഫല കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ ഓഗ്ബെചെ തയ്യാറല്ല.
സന്ദേഷ് ജിങ്കന്‍ ബ്ലാസറ്റേഴ്സ് വിട്ടതോടെ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടം ആശ്വാസം കൊണ്ടത് ടീമിലെ ഓഗ്ബെചെയുടെ സാന്നിധ്യമായിരുന്നു. എന്നാല്‍ ഓഗ്‌ബെചെയ കൂടി നഷ്ടപ്പെടുന്ന സാഹചര്യം ബ്ലാസ്റ്റേഴ്‌സിനെ കൂടുതല്‍ ദുര്‍ബലമാക്കിയേക്കും.