മുറെയുടേയും കോണേയുടേയും വരവ്, കരാര്‍ വിശദാംശങ്ങള്‍ പുറത്ത്

ബര്‍കീനോ ഫാസോ ദേശീയ താരം ബക്കറി കോണെയും ഓസ്ട്രേലിയന്‍ യുവതാരം ജോര്‍ദാന്‍ മുറെയും കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിടാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തേക്കാണ് കോണേയുമായി ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പിടുക. അതെസമയം ജോര്‍ദാന്‍ മുറെയുമായി രണ്ട് വര്‍ഷത്തെ കരാറാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

രണ്ട് താരങ്ങളും ഈ ആഴ്ച്ച അവസാനത്തോടെ ഇന്ത്യയിലെത്തുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ സൈനിംഗ് പൂര്‍ത്തിയായി.

ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യന്‍ ക്വോട്ടയിലേക്കാണ് 25കാരന്‍ ഓസീസ് സ്ട്രെക്കറെ ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നത്. ഫോര്‍വേഡ് ആയും വിങ്ങര്‍ ആയും കളിക്കാന്‍ കഴിവുള്ള താരമാണ് മുറെ. ഓസീസ് എ ലീഗ് ക്ലബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സ് താരമായ മുറെയ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴസ് ട്രാന്‍സ്ഫര്‍ ഫീസ് നല്‍കേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന.

2018 മുതല്‍ കോസ്റ്റ് മറൈനേഴ്‌സിനായി കളിക്കുന്ന മുറെ അവര്‍ക്കായി 43 മത്സരങ്ങളില്‍ ബൂട്ട് അണിഞ്ഞിട്ടുണ്ട്. ഏഴ് ഗോളും 4 അസിസ്റ്റുകളും താരം മറൈനേഴ്സിനായി നേടി. കരിയറില്‍ ഉടനീളം വിവിധ ഓസ്ട്രേലിയന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് മുറെ കളിച്ചത്. സൗത്ത് കോസ്റ്റ് വോള്‍വ്സിലൂടെ പ്രെഫഷണല്‍ ഫുട്ബോള്‍ കളിച്ച് തുടങ്ങിയ മുറെ ലെയ്ചാര്‍ഡ്, സെന്‍ട്രല്‍ കോസ്റ്റ് മറെയ്നേഴ്സ് ക്ലബ്ബുകള്‍ക്കായി കളിച്ചു. 2018 ല്‍ ഓസ്ട്രേലിയന്‍ നേഷന്‍സ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുണ്ട് ഈ യുവ താരം.

അതെസമയം ഒളിമ്പിക് ലിയോണില്‍ അഞ്ചുവര്‍ഷകാലം ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് ബക്കറി കോണെ. അവിടെ 117 മത്സരങ്ങള്‍ കളിച്ച താരം അവര്‍ക്കായി എട്ട് യുവേഫാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും 18 യൂറോപ്പ ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ബര്‍കീനോ ഫാസോയിലെ ക്ലായ എറ്റോയിലെ ഫിലാന്റെയിലൂടെ വളര്‍ന്ന് വന്ന താരം അതേ ക്ലബ്ബിലൂടെ തന്നെയായിരുന്നു പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്.

തുടര്‍ന്ന് ഫ്രഞ്ച് ക്ലബ്ബുകളായ ഇഎ ഗുയിമ്ഗാമ്, ലിയോണ്‍,സ്ട്രാസ്ബെര്‍ഗ്, സ്പാനിഷ് ക്ലബ്ബായ മാലാഗ സി എഫ്, തുര്‍ക്കി ക്ലബ്ബായ അങ്കറഗുക്കുവിനയും കളിച്ചു. മലാഗക്കായി ലാലിഗയില്‍ ഏഴ് മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്.

You Might Also Like