റൂമര്‍ അലാര്‍ട്ട്: മറ്റൊരു കൊളംമ്പിയന്‍ താരം കൂടി ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ചയില്‍
കൊളംമ്പിയന്‍ താരം ജോനാദന്‍ സെഗൂറയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പെറുവിയന്‍ ക്ലബ് യൂണിവേഴ്‌സിഡാഡ് ടെക്‌നിക്ക ഡ കജാമാര്‍ക്കാ താരമാണ് സെഗൂറ. 30കാരനായ സെഗൂറ മധ്യനിര താരമാണ്.
പെറൂവിയന്‍ ഒന്നാം ഡിവഷനായ ലിഗാ വണ്‍ മൊവിസ്റ്ററിലാണ് സെഗൂറ കളിക്കുന്നത്. പെറു ഡിവിഷനില്‍ 92 മത്സരങ്ങള്‍ ഇതിനോടകം കളിച്ച താരം അഞ്ച് ഗോളുകളാണ് നേടിയിട്ടുള്ളത്. കൊളംമ്പിയന്‍ യൂത്ത് ടീമിനായി രണ്ട് മത്സരത്തിലും താരം പന്ത് തട്ടിയിട്ടുണ്ട്. സെഗൂറ ബ്ലാസ്റ്റേഴ്‌സിലെത്തുകയാണെങ്കില്‍ അത് മികച്ച നേട്ടം തന്നെയായിരിക്കും.
അതെസമയം മറ്റൊരു കൊളംമ്പിയന്‍ താരം ഓസ്വാള്‍ഡോ ഹെന്റിക്വസ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നതിന് ഇനി മെഡിക്കല്‍ മാത്രമാണ് ഹെന്റിക്വസിന് മുന്നിലുളള ഏക തടസ്സം.
മുപ്പത്തിയൊന്നുകാരനായ ഹെന്റിക്വസ് വിവിധ കൊളംബിയന്‍ ക്ലബ്ബുകളിലും ബ്രസീലിയന്‍ പ്രശസ്ത ക്ലബായ വാസ്‌കോ ഡി ഗാമയിലടക്കം കളിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മഞ്ഞ കുപ്പായം അണിയാന്‍ എത്തുന്നത്. താരത്തിന്റെ മെഡിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ ഉടനെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.