ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ പുതിയ സ്റ്റേഡിയം പണിയുന്നു, കാത്തിരിക്കേണ്ടത് മൂന്ന് വര്‍ഷം

Image 3
Uncategorized

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമായി ഒരു സ്റ്റേഡിയം നിര്‍മ്മിക്കാന്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ സുപ്രധാനമായ ചില നീക്കങ്ങള്‍ നടത്തുന്നതായാണ് അറിയാന്‍ കഴിയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമായി സ്റ്റേഡിയം നിര്‍മ്മിക്കാനുളള ശ്രമത്തിലാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ നിമഗദ പ്രസാദ് വെളിപ്പെടുത്തിയത്. അതിന് ചുവട് പിടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് എറണാകുളം ജില്ലയില്‍ തന്നെ ലോകോത്തര നിലവാരത്തിലുളള മറ്റൊരു സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷമാണ് സ്റ്റേഡിയം നിര്‍മ്മാണിത്തിനായി ബ്ലാസ്‌റ്റേഴ്‌സ് കണക്കാക്കുന്ന കാലാവധി.

‘ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന പ്രചരണം തെറ്റാണ്. പകരം തങ്ങള്‍ കൂടുതല്‍ പണം ക്ലബിനായി മാറ്റിവെക്കാന്‍ പോവുകയാണ്.
കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തമായി ഒരു സ്റ്റേഡിയം ആണ് തന്റെ സ്വപ്നം. അതിന് സമയമെടുത്തേക്കാം. മൂന്ന് മുതല്‍ അഞ്ചു വരെ വര്‍ഷങ്ങള്‍ ഇത് പണിയാന്‍ എടുത്തേക്കാം. എന്നാല്‍ അതാണ് തന്റെ സ്വപ്നം. അത് നടക്കും’ കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ പറഞ്ഞു.

ഇപ്പോള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ വന്‍ തുക കൊടുത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. സ്വന്തമായി സ്റ്റേഡിയം നിര്‍മ്മിച്ചാല്‍ അത് മറ്റു ഐ എസ് എല്‍ ക്ലബുകള്‍ക്കും മറ്റു പ്രൊഫഷണല്‍ ക്ലബുകള്‍ക്കും വലിയ മാതൃകയാകും. മാത്രമല്ല കെസിഎ അടക്കമുളള മറ്റ് കായിക ബോര്‍ഡുകലുമായി ഏറ്റുമുട്ടലും ബ്ലാസ്‌റ്റേഴ്‌സിന് ഒഴിവാക്കാം.