ബ്ലാസ്‌റ്റേഴ്‌സ് എന്റെ വീടാണ്, എനിക്ക് ചിലത് തെളിക്കാനുണ്ട്, തുറന്ന പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം
കേരള ബ്ലാസ്റ്റേഴ്‌സ് തന്റെ വീടാണെന്നും തനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനും സ്വയം തെളിയിക്കാനുമുള്ള ഈ മഹത്തായ അവസരമാണ് ബ്ലാസ്റ്റേഴ്‌സില്‍ കൈവന്നിരിക്കുന്നതെന്നും ബ്ലാസ്റ്റേഴ്‌സ് സൂപ്പര്ഡ താരം കെഎല്‍ രാഹുല്‍. ബ്ലാസ്റ്റേഴ്‌സുമായി അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പ് വെച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
‘കേരള ബ്ലാസ്റ്റേഴ്സ് എന്റെ വീടാണ്, ആരാധകരുടെ പിന്തുണയാണ് എല്ലാം. സ്‌പോര്‍ട്ടിംഗ് ഡയറക്ടറുമായുള്ള എന്റെ സംഭാഷണത്തിലും ക്ലബില്‍ എന്നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പദ്ധതികളിലും ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു’ രാഹുല്‍ പറഞ്ഞു.
‘ഇത് എന്റെ കരിയറിന്റെ ആരംഭം മാത്രമാണ്, കൂടുതല്‍ മെച്ചപ്പെടുത്തലിന് തീര്‍ച്ചയായും എനിക്കിവിടെ അവസരം ലഭിക്കും. അതിനുള്ള ശരിയായ സ്ഥലമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍, കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ബ്ലാസ്റ്റേഴ്‌സില്‍ തുടരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കാനും സ്വയം തെളിയിക്കാനുമുള്ള ഈ മഹത്തായ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും.’ രാഹുല്‍ പറഞ്ഞു.
തൃശൂര്‍ ജില്ലാ ടീമിനെ പ്രതിനിധീകരിച്ചുകൊണ്ട് കരിയര്‍ ആരംഭിച്ച രാഹുല്‍ കേരള അണ്ടര്‍ 14 ടീമിനായി കൊല്‍ക്കത്തയിലും ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി തയ്യാറെടുക്കുന്ന എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമി ബാച്ചിന്റെ ഭാഗമാകാന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞത്.
ടൂര്‍ണമെന്റില്‍ ഇന്ത്യ കളിച്ച മൂന്ന് മത്സരങ്ങളുടെയും സ്റ്റാര്‍ട്ടിംഗ് ലൈനപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഐ ലീഗിന്റെ രണ്ട് സീസണുകളില്‍ ഇന്ത്യന്‍ ആരോസിനായി കളിക്കളത്തിലെത്തിയ രാഹുല്‍ വിങ്ങുകളില്‍ തന്റെ ആസാമാന്യ വേഗതയും, ട്രിക്കുകളും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് അഞ്ച് ഗോളുകളും മൂന്ന് അസ്സിസ്റ്റുകളും തന്റെ പേരിലാക്കി.
തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ കെബിഎഫ്‌സിക്കായി സ്വന്തം മണ്ണില്‍ മഞ്ഞകുപ്പായത്തില്‍ കളിക്കളത്തിലെത്തിയ രാഹുല്‍ മിന്നും പ്രകടനങ്ങളിലൂടെ ആരാധക മനം കവര്‍ന്നു.