; )
മലയാളി താരം കെപി രാഹുലുമായി അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. കായിക മാധ്യമമായ ഖേല്‍ നൗ ആണ് സോഴ്‌സുകളെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ 2025 വരെ രാഹുല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടാകുമെന്ന് ഉറപ്പായി.
നേരത്തെ സഹലടക്കമുളള യുവതാരങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ പുതുക്കിയെങ്കിലും രാഹുലുമായിട്ടുളള ചര്‍ച്ച തുടരുകയായിരുന്നു. ഇതോടെ രാഹുലിനെ ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ടു പോകുമോയെന്ന ആശങ്ക പലകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈസ്റ്റ് ബംഗാള്‍ അടക്ക ക്ലബുകള്‍ രാഹുലിനെ ലോണില്‍ സ്വന്തമാക്കാന്‍ വരെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
ഇതിനിടെയാണ് എല്ലാ ആശങ്കകളേയും അസ്ഥാനത്താക്കി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാറില്‍ ഒപ്പിട്ടു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. 2019ല്‍ ഇന്ത്യന്‍ ആരോസില്‍ നിന്നാണ് രാഹുലിനെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നത്.
വേഗതകൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിനെ അമ്പരപ്പിച്ച താരമാണ് കെപി രാഹുല്‍. ഇരുപാര്‍ശ്യങ്ങളിലും കളിക്കാന്‍ കഴിവുളള താരമായ രാഹുലിന് 20 വയസ്സാണ്. ഇന്ത്യയുടെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് തൃശൂര്‍ സ്വദേശി കൂടിയായ മലയാളി താരം.
കഴിഞ്ഞ ഐഎസ്എല്ലില്‍ എട്ട് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സിനായി രാഹുല്‍ ബൂട്ടണിഞ്ഞത്. സഹലിന്റെ അസിസ്റ്റില്‍ ഒരു ഗോളും രാഹുല്‍ സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ ആരോസിലൂടെയാണ് രാഹുല്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ ശ്രദ്ധപിടിച്ച് പറ്റിയത്. ആരോസിനായി 40 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ അണ്ടര്‍ 17 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു.