ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമായി സ്‌റ്റേഡിയം നിര്‍മ്മിക്കുന്നു, സ്ഥിരീകരണവുമായി ഇഷ്ഫാഖ്

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമായി സ്റ്റേഡിയം നിര്‍മ്മിക്കാനുളള പദ്ധതികളുമായി മുന്നോട്ട് പോകുന്നതായി സ്ഥിരീകരണം. ബ്ലാസ്‌റ്റേഴ്‌സ് അസിസ്റ്റന്‍ഡ് കോച്ച് ഇഷ്ഫാഖ് അഹമ്മദാണ് ബ്ലാസ്റ്റേഴ്‌സ് ഉടമ നിമഗദ പ്രസാദ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് പോകുന്നതായി സ്ഥിരീകരിച്ചത്. മഞ്ഞപ്പടയ്ക്കായി അനുവദിച്ച അഭിമുഖത്തിലാണ് ഇഷ്ഫാഖ് ഇക്കാര്യം പറഞ്ഞത്.
‘നമ്മുടെ മാനേജ്‌മെന്റിന് ഒരുപാട് വലിയ പദ്ധതികളാണ് ആലോചിക്കുന്നത്. നിങ്ങള്‍ പ്രസാദിന്റെ ഇന്റര്‍വ്യൂ കണ്ടിട്ടുണ്ടാവും, അദ്ദേഹത്തിന് സ്വന്തമായി ഒരു സ്റ്റേഡിയം വേണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ ക്ലബ് കുറച്ച് വലിയ പ്രോജക്ടസില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നമ്മള്‍ എഎഫ്സി മത്സരങ്ങള്‍ക്ക് എത്രയും പെട്ടെന്ന് തന്നെ സജ്ജമാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ ഇഷ്ഫാഖ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമായി സ്റ്റേഡിയം നിര്‍മ്മിക്കാനുളള ശ്രമത്തിലാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഉടമ നിമഗദ പ്രസാദ് വെളിപ്പെടുത്തിയത്. അതിന് ചുവട് പിടിച്ചാണ് ബ്ലാസ്റ്റേഴ്സ് എറണാകുളം ജില്ലയില്‍ തന്നെ ലോകോത്തര നിലവാരത്തിലുളള മറ്റൊരു സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷമാണ് സ്റ്റേഡിയം നിര്‍മ്മാണിത്തിനായി ബ്ലാസ്റ്റേഴ്സ് കണക്കാക്കുന്ന കാലാവധി.
‘ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന പ്രചരണം തെറ്റാണ്. പകരം തങ്ങള്‍ കൂടുതല്‍ പണം ക്ലബിനായി മാറ്റിവെക്കാന്‍ പോവുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമായി ഒരു സ്റ്റേഡിയം ആണ് തന്റെ സ്വപ്നം. അതിന് സമയമെടുത്തേക്കാം. മൂന്ന് മുതല്‍ അഞ്ചു വരെ വര്‍ഷങ്ങള്‍ ഇത് പണിയാന്‍ എടുത്തേക്കാം. എന്നാല്‍ അതാണ് തന്റെ സ്വപ്നം. അത് നടക്കും’ കേരള ബ്ലാസ്റ്റേഴ്സ് ഉടമ പറഞ്ഞു.
ഇപ്പോള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ വന്‍ തുക കൊടുത്താണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. സ്വന്തമായി സ്റ്റേഡിയം നിര്‍മ്മിച്ചാല്‍ അത് മറ്റു ഐ എസ് എല്‍ ക്ലബുകള്‍ക്കും മറ്റു പ്രൊഫഷണല്‍ ക്ലബുകള്‍ക്കും വലിയ മാതൃകയാകും. മാത്രമല്ല കെസിഎ അടക്കമുളള മറ്റ് കായിക ബോര്‍ഡുകലുമായി ഏറ്റുമുട്ടലും ബ്ലാസ്റ്റേഴ്സിന് ഒഴിവാക്കാം.