ബ്ലാസ്റ്റേഴ്‌സിലെ ചില യുവതാരങ്ങള്‍ ഉടന്‍ വിദേശത്തേയ്ക്ക് പറക്കും , വെളിപ്പെടുത്തലുമായി സ്‌പോട്ടിംഗ് ഡയറക്ടര്‍

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സിലെ യുവതാരങ്ങള്‍ക്ക് ഉടന്‍ തന്നെ യൂറോപ്പില്‍ കളിക്കാന്‍ അവസരം ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. ഗോള്‍ ഡോട്ട്‌കോമിനോട് സംസാരിക്കെയാണ് താരങ്ങള്‍ക്ക് പരിശീലനത്തിനും കളിയ്ക്കുമായി ഉടന്‍ തന്നെവിദേശത്ത് പറക്കുമെന്ന് സ്‌കിന്‍കിസ് ആവര്‍ത്തിച്ചത്.

‘/യുവതാരങ്ങളുടെ പുരോഗതിയാണ് ഞങ്ങള്‍ ഏറ്റവും അധികം ലക്ഷ്യം വെക്കുന്നത്. സമീപഭാവിയില്‍ തന്നെ അവരില്‍ ചിലര്‍ക്ക് വിദേശത്ത് പരിശീലനത്തിനും കളിയ്ക്കാനും അവസരമുണ്ടാകും’ ലിത്വാനിയന്‍ സ്വദേശിയായ സ്‌കിന്‍കിസ് പറയുന്നു. കളിക്കാര്‍ക്ക് ഉയര്‍ന്ന ഭാവി ലഭിക്കും വിധം അവസരങ്ങള്‍ ഒരുക്കുമെന്നും അവരുടെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് അവരെ വളര്‍ത്തിയെടുക്കുമെന്നും അദ്ദേഹം പറയുന്നു.

‘ചില യുവ പ്രതിഭകളെ തിരിച്ചറിയുകയും വളര്‍ത്തിയെടുക്കുയും ഞങ്ങള്‍ ചെയ്യുന്നു. ആറ് ഐഎസല്‍ സീസണുകള്‍ അത് തെളിയിച്ചതാണ്. മൂന്ന് എമേര്‍ജിംഗ് പ്ലേയേഴ്‌സിനെയാണ് ഐഎസ്എല്ലില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് സംഭാവന ചെയ്തത്. ജിങ്കന്‍, സഹല്‍, ലാല്‍റുത്താര എന്നിവരാണവര്‍. നിരവധി രാജ്യന്തര താരങ്ങളേയും ബ്ലാസ്റ്റേഴ്‌സ് ഇന്ത്യയ്ക്കായി ഉണ്ടാക്കി. അതെല്ലാം സൂചിപ്പിക്കുന്നത് ക്ലബിന്റെ വളര്‍ച്ചയും ഇന്ത്യന്‍ ഫുട്‌ബോളിന്റെ വികസനവുമാണ്’ സ്‌കിന്‍കിസ് പറഞ്ഞ് നിര്‍ത്തി.

കഴിഞ്ഞ മാര്‍ച്ചിലാണ് സ്‌കിന്‍കിസ് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോട്ടിംഗ് ഡയറക്ടറായി ചുമതലയേറ്റത്. മൂന്ന് മാസത്തിനിടെ തന്നെ നിരവധി മാറ്റങ്ങള്‍ ക്ലബിനായി നടത്താന്‍ ഈ ലിത്വാനിയക്കാരനായി. പുതിയ സീസണില്‍ ഈ മാറ്റങ്ങള്‍ എങ്ങനെ പ്രതിഫലിക്കും എന്ന് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.