ചതിയന്മാരാണവര്‍, ബ്ലാസ്റ്റേഴ്സ് മാനേജുമെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി സൂപ്പര്‍ താരം

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മലയാളി താരം റിനോ ആന്റോ. ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റിന്റെ ദയയില്ലാത്ത നിലപാടുകള്‍ തന്റെ കരിയര്‍ തന്നെ ഒരുഘട്ടത്തില്‍ പ്രതിസന്ധിയിലാക്കിയെന്നും ബംഗളുരു എഫ്.സിയുടെ കരുതലില്ലായിരുന്നെങ്കില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ പോലും കഴിയില്ലായിരുന്നുവെന്നും ഇന്ത്യന്‍ ഫുട്ബാളിലെ മലയാളി പ്രതിരോധ മതില്‍ പറയുന്നു.

ഹാംസ്ട്രിംഗ് വഷളായി നടക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലും ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ വിശ്രമം നല്‍കാതെ ഇഞ്ചക്ഷന്‍ ചെയ്ത് കളിപ്പിച്ചെന്നും സീസണ്‍ അവസാനിച്ചപ്പോള്‍ അപമാനവും അവഗണനയും മൂലം ടീം വിടാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും റിനോ വെളിപ്പെടുത്തി. കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് റിനോ ആന്റോയുടെ ഗുരുതര വെളിപ്പെടുത്തലുളളത്.

‘ഏറെ പ്രതീക്ഷയോടെയാണ് 2017/18 സീസണില്‍ ഞാന്‍ ബ്ലാസ്റ്രേഴ്‌സില്‍ എത്തിയത്. സ്വന്തം നാട്ടില്‍ പ്രിയപ്പെട്ട കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതില്‍ പരം സന്തോഷം എന്താണുള്ളത്. എന്നാല്‍ കാര്യങ്ങള്‍ ഞാന്‍ കരുതിയതു പോലെയൊന്നുമല്ലായിരുന്നു. ഇടത്തേക്കാലില്‍ ഹാംസ്ട്രിംഗ് ഇഞ്ച്വറി വഷളായി സഹികെട്ട് അല്പം വിശ്രമം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും അവര്‍ കൂട്ടാക്കിയില്ല. ഹാഫ് ടൈംവരെയെങ്കിലും കളിച്ചേപറ്റൂവെന്നും വേദന കൂടുമ്പോള്‍ പിന്‍വലിക്കാമെന്നും കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍ ആവശ്യപ്പെട്ടു. ആറോളം മത്സരങ്ങളില്‍ കടുത്ത വേദന സംഹാരികള്‍ കുത്തിവച്ചാണ് കളിക്കാനിറങ്ങിയത്. പത്ത് ദിവസം വിശ്രമം കിട്ടിയാല്‍ പരിക്ക് ഭേദമായേനെ. പക്ഷേ മാനേജ്‌മെന്റ് സമ്മതിച്ചില്ല’ റിനോ പറയുന്നു.

‘ഇതിനിടെ മതിയായ ചികിത്സ കിട്ടാതെ പരിക്ക് കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. റെനെ പോയി ഡേവിഡ് ജയിംസ് വന്ന ശേഷം ആദ്യം എന്നോട് പറഞ്ഞത് നീ വിശ്രമിക്കാനാണ്. അടുത്ത സീസണിലും എന്നെ നിലനിറുത്താന്‍ ജയിംസിന് താത്പര്യമായിരുന്നു. എന്നാല്‍ ഇവനെപ്പോഴും പരിക്കാണെന്നും അടുത്ത സീസണിലും ഇത് തന്നെയായിരിക്കും സ്ഥിതിയെന്നും ഇപ്പോള്‍ നല്‍കുന്ന പ്രതിഫലം നല്‍കാനാകില്ലെന്നും മാനേജ്‌മെന്റ് നിലപാടെടുത്തു. വളരെക്കുറഞ്ഞ തുക പ്രതിഫലമായി പറഞ്ഞിട്ട് ഈ തുകയ്ക്കാണെങ്കില്‍ തുടരാം എന്നെന്നോട് പറഞ്ഞു. പരിക്കേറ്റിട്ടും മതിയായ ചികിത്സയും വിശ്രമമവും തരാതിരുന്നിട്ടും നിങ്ങള്‍ക്ക് വേണ്ടി കളിച്ചില്ലേയെന്നും പരിക്ക് വഷളാകാന്‍ കാരണം നിങ്ങളല്ലേയെന്നും ഞാന്‍ മാനേജ്‌മെന്റ് അംഗങ്ങളോട് ചോദിച്ചു. എന്നാല്‍ നിനക്ക് വേണമെങ്കില്‍ ഈ തുകയ്ക്ക് തുടരാം എന്ന നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു’ റിനോ പറയുന്നു.

‘ഈ പ്രതിസന്ധിയില്‍ ബംഗളൂരു എന്റെ തുണയ്‌ക്കെത്തുകയായിരുന്നു. നായകന്‍ ഛെത്രിയും പരിശീലകന്‍ റോക്കയും എന്നെ അങ്ങോട്ട് ക്ഷണിച്ചുകൊണ്ട് ഫോണില്‍ വിളിച്ചു. കൃത്യമായ ചികിത്സയും പരിചരണവും നല്‍കി. അവര്‍ക്കൊപ്പം ഐ.എസ്.എല്‍ ചാമ്പ്യന്‍മാരാകാനും കഴിഞ്ഞു. എന്നെ ഞാനാക്കിയത് ബംഗളൂരുവാണ്. 2013മുതല്‍ 17വരെ അവിടെ കളിക്കാനായതാണ് കരിയറില്‍ വഴിത്തിരിവായത്. രണ്ടാമത് തിരിച്ചെത്തിയപ്പോഴും അവരെന്നെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു’ റിനോ വെളിപ്പെടുത്തി.