തന്നെ ചേര്‍ത്ത് നിര്‍ത്തി, അമ്പരപ്പിക്കുന്ന പ്ലാന്‍ വിവരിച്ചു, ബ്ലാസ്റ്റേഴ്‌സിലെത്താനുളള കാരണം വിവരിച്ച് താരം
കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ബുധനാഴ്ച്ച പ്രഖ്യാപിച്ച താരമാണ് പഞ്ചാബി യുവ ഗോള്‍കീപ്പര്‍ പ്രഭ്സുഖാന്‍ സിംഗ് ഗില്‍. എന്തുകൊണ്ടാണ് താന്‍ ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തതെന്ന് കഴിഞ്ഞ ദിവസം ഗില്‍ വിവരിക്കുകയുണ്ടായി. ക്ലബ്ബ് മാനേജുമെന്റ് വളരെ ആത്മാര്‍ത്ഥമായാണ് തന്റെയും ടീമിന്റെയും ഭാവി പരിപാടികള്‍ വിശദീകരിച്ചതെന്നും അത് തന്നെ ആകര്‍ശിച്ചതായി ഗില്‍ പറയുന്നു.
‘ക്ലബ്ബ് മാനേജുമെന്റ് വളരെ ആത്മാര്‍ത്ഥമായാണ് എന്റെയും ടീമിന്റെയും ഭാവി പരിപാടികള്‍ വിശദീകരിച്ചത്. ഏറ്റവും മികച്ച പിന്തുണ നല്‍കുന്ന ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനുള്ള പ്രലോഭനമാണ് എന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിലെത്തിച്ചത്. ടീമിന് എന്നെ ആവശ്യമുള്ളപ്പോഴെല്ലാം മികച്ച പോരാട്ടം നടത്തികൊണ്ട് എന്നാല്‍ കഴിയുന്നത് ഞാന്‍ നല്‍കുമെന്ന് ആരാധകരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘ പ്രഭ്സുഖാന്‍ ഗില്‍ പറഞ്ഞു.
മികച്ച ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന താരമാണ് യുവ ഗോള്‍കീപ്പര്‍ കൂടിയായ പ്രഭ്സുഖാന്‍ സിംഗ് ഗില്‍. രണ്ട് വര്‍ഷത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി ഗില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച 19 കാരനായ ഗില്‍, 2014 ല്‍ ചണ്ഡിഗഡ് ഫുട്ബോള്‍ അക്കാദമിയില്‍ നിന്നാണ് തന്റെ ഫുട്ബോള്‍ ജീവിതം ആരംഭിച്ചത്. 2017ല്‍ ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വര്‍ഷം പരിശീലനം നേടി.
അതേ വര്‍ഷം തന്നെ ഇന്ത്യന്‍ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗില്‍ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങള്‍ ക്ലബ്ബിനായി കളിച്ചു. 2019 ലെ ഹീറോ സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ ഈ യുവ ഷോട്ട്-സ്റ്റോപ്പര്‍ കെബിഎഫ്സി ടാലന്റ് ഹണ്ട് ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 184 സെന്റിമീറ്റര്‍ ഉയരമുള്ള യുവ ഗോള്‍കീപ്പര്‍ ഐഎസ്എല്ലില്‍ തങ്ങളുടെ എതിരാളികളായ ബെംഗളൂരു എഫ്‌സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയില്‍ എത്തുന്നത്.
’19 വയസുകാരനായ പ്രഭ്സുഖാന്‍, ഈ പ്രായത്തില്‍ തന്നെ വളരെ പക്വതയുള്ളവനും ആത്മവിശ്വാസമുള്ളതുമായ ഗോള്‍കീപ്പറുമാണ്. കൈയും കാലും കൊണ്ട് ഒരേപോലെ ശ്രമങ്ങള്‍ നടത്താന്‍ സാധിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വരവ് യുവ പ്രതിഭകളിലുള്ള നമ്മുടെ വിശ്വാസത്തെയും അവരുടെ വളര്‍ച്ചയിലും വികാസത്തിലുമുള്ള നമ്മുടെ ശ്രദ്ധയെ ശക്തിപ്പെടുത്തുന്നു. അദ്ദേഹം ഞങ്ങളോടൊപ്പം ചേരുന്നതില്‍ ഞാന്‍ ആവേശത്തിലാണ്, കൂടാതെ അദ്ദേഹം ടീമില്‍ ഒരു മികച്ച കളിക്കാരനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ‘ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.