ബ്ലാസ്‌റ്റേഴ്‌സിന് സന്തോഷ വാര്‍ത്ത, ആ താരം ക്ലബില്‍ തുടരും

ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ സെര്‍ജിയോ സിഡോന്‍ചയുമായി കരാര്‍ പുതുക്കി. രണ്ട് വര്‍ഷത്തേക്കാണ് സിഡോചയുമായുളള കരാര്‍ കേരള ക്ലബ് പുതുക്കിയിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സുമായുളള കരാര്‍ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചതോടെയാണ് സിഡോച ക്ലബില്‍ തുടരാന്‍ സമ്മതം മൂളിയത്.

നേരത്തെ സിഡോയോട് പ്രതിഫലം കുറക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ സിഡോ തയ്യാറായില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ പ്രതിഫലത്തിന് ബ്ലാസ്റ്റേഴ്‌സ് സിഡോയുമായുളള കരാര്‍ പുതുക്കുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പുതിയ സീസണില്‍ കളിക്കുമെന്ന് ഉറപ്പായ ആദ്യ വിദേശ താരമായി മാറി സിഡോച.

കേരള ബ്ലാസ്റ്റേഴ്‌സില്‍ 13 മത്സരമാണ് ഈ മുന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ബി താരം കളിച്ചത്. ബ്ലാസ്റ്റേഴ്‌സ് മധ്യനിരയില്‍ കളിമെനഞ്ഞ താരം ഒരു ഗോളും നേടിയിരുന്നു. ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നാണ് സിഡോയെ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

മാഡ്രിഡിലെ എല്‍ എസ്‌കോറിയയില്‍ ജനിച്ച സിഡോന്‍ച , അത് ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമില്‍ കളിച്ചു വളര്‍ന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായി. റയല്‍ സാരഗോസാ, അല്‍ബാസെറ്റെ, പൊന്‍ഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബ്കള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ടീമംഗമായി തുടരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ തന്റെ എല്ലാ കഴിവുകളും പുറത്തെടുക്കുമെന്നും സിഡോന്‍ച നേരത്തെ പറഞ്ഞിരുന്നു.

You Might Also Like