ക്ഷമ പരീക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ്, ആരാധകരുടെ മുറവിളി ഉയരുന്നു

Image 3
Uncategorized

വലിയ പ്രഖ്യാപനം കാത്തിരുന്ന ആരാധകരുടെ ക്ഷമ പരീക്ഷിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിന്റെ വിദേശ സൈനിംഗുകളെ കുറിച്ചാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പല ക്ലബുകളും ഇടവേളകളില്‍ പ്രഖ്യാപനം നടത്തുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഇതേകുറിച്ച് ഇതുവരെ മിണ്ടിയിട്ടില്ല.

അതെസമയം ബ്ലാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍താരങ്ങളെല്ലാം പോകുന്നു എന്ന വാര്‍ത്തയ്ക്കും കുറവൊന്നുമില്ല. ഓഗ്‌ബെചെയും മെസി ബൗളിയുമെല്ലാം ബ്ലാസ്‌റ്റേഴ്‌സ് വിട്ടേക്കും എന്ന വാര്‍ത്തക്കിടയിലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രഖ്യാപനം പോലും ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് നടത്തിയിട്ടില്ല.

ക്ലബിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും ആരാധക ഗ്രൂപ്പുകളിലും ആരാധകര്‍ ഇക്കാര്യത്തില്‍ മുറവിളി ഉയര്‍ത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ എല്ലാ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രഖ്യാപനം പ്രതീക്ഷിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇതോടെ താരങ്ങളുടെ പ്രഖ്യാപനം ഇനിയും നീളുമെന്ന് ഉറപ്പായി.

നിലവിലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളില്‍ ആരെല്ലാം ക്ലബിലുണ്ടാകും എന്ന കാര്യത്തിലും ഇത് വരെ അന്തിമ ധാരണയായിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ പല താരങ്ങളോടും പ്രതിഫലം കുറക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ താരങ്ങള്‍ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ഈ സീസണില്‍ പല താരത്തങ്ങളും ക്ലബ് വിട്ടേക്കുമെന്ന സൂചനയാണ് ആരാധകര്‍ക്ക് ലഭിക്കുന്നത്.

അതെസമയം മോഹന്‍ ബഗാനില്‍ നിന്ന് തന്റെ പ്രിയപ്പെട്ട താരങ്ങളെ കൊണ്ട് വരാന്‍ പുതിയ പരിശീലകന്‍ കിബു വികൂന ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആരാധകര്‍ ആശ്വാസകരമായ ചില വാര്‍ത്തകള്‍. ഫ്രാന്‍, ബെയ്റ്റിയ, സുഹൈര്‍ തുടങ്ങിയ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയേക്കുമെന്നാണ് കരുതുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോട്ടിംഗ് ഡയറക്ടര്‍ എന്ത് അത്ഭുതമാണ് കാത്തുവെച്ചിരിക്കുന്നത് എന്നതിലേക്ക് ഉറ്റുനോക്കുയാണ് മഞ്ഞപ്പടയിപ്പോള്‍.