വീണ്ടും ട്വിസ്റ്റ്, സൂപ്പര്‍ താരം ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു. പകരം ബഗാന്‍ താരങ്ങള്‍
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോഞ്ച ബ്ലാസ്റ്റേഴ്‌സ് വിടും എന്ന് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് താരത്തെ സ്വന്തമാക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും ഒഡിഷ എഫ്സിയും രംഗത്തുണ്ട്.
പുതിയ പരിശീലകന്‍ കിബു വികൂനയ്ക്ക് സിഡോയെ നിലനിര്‍ത്താന്‍ താല്‍പര്യമില്ലത്രെ. മാത്രമല്ല മോഹന്‍ബഗാന്റെ താരങ്ങളായ ജോസെബ ബെയ്റ്റിയേയും ഫ്രാന്‍ ഗോണ്‍സാലസിനേയും ബ്ലാസ്റ്റേഴ്‌സില്‍ എത്തിക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്. ഇതോടെയാണ് സിഡോ ബ്ലാസ്‌റ്റേഴ്‌സ് വിടാന്‍ ഒരുങ്ങുന്നത്.
അതെസമയം സിഡോ ബ്ലാസ്‌റ്റേഴ്‌സുമായി രണ്ട് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം നിഷേധിക്കുകയാണ്.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അദ്ദേഹത്തിന് ഒരു ഗോള്‍ മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. കൂടാതെ തന്നെ നിരന്തരമായ പരിക്കുകളും സിഡോയെ അലട്ടി. കേരള ബ്ലാസ്റ്റേഴ്സില്‍ 13 മത്സരമാണ് ഈ മുന്‍ അത്ലറ്റിക്കോ മാഡ്രിഡ് ബി താരം കളിച്ചത്. ബ്ലാസ്റ്റേഴ്സ് മധ്യനിരയില്‍ കളിമെനഞ്ഞ താരം ഒരു ഗോളും നേടിയിരുന്നു. ജംഷഡ്പൂര്‍ എഫ്സിയില്‍ നിന്നാണ് സിഡോയെ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
മാഡ്രിഡിലെ എല്‍ എസ്‌കോറിയയില്‍ ജനിച്ച സിഡോന്‍ച , അത് ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമില്‍ കളിച്ചു വളര്‍ന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായി. റയല്‍ സാരഗോസാ, അല്‍ബാസെറ്റെ, പൊന്‍ഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബ്കള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
അതെസമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ സെന്റര്‍ ഫോര്‍വേഡ് ആയ ബര്‍ത്തലോമിയോ ഓഗ്ബെച്ചേ ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരും എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. താഴത്തെ റാഞ്ചാന്‍ ഹൈദരാബാദ് എഫ്സി രംഗത്തുണ്ടായിരുന്നു.