ബംഗളൂരു സൈന്‍ ചെയ്തത് ബ്ലാസ്‌റ്റേഴ്‌സ് തള്ളിയ ബ്രസീല്‍ താരം, സില്‍വയെ കുറിച്ച് വെളിപ്പെടുത്തല്‍

Image 3
Cricket

ബംഗളൂരു എഫ്‌സിയിലെത്തിയ ബ്രസീലിയന്‍ മുന്നേറ്റനിര താരം ക്ലീറ്റന്‍ സില്‍വയെ കുറിച്ച് വെളിപ്പെടുത്തലുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ. നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ വലിയ വിലകൊടുത്തല്ല സില്‍വയെ ബംഗളൂരു സ്വന്തമാക്കിയതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സുമായും എഫ്‌സി ഗോവയുമായും സില്‍വ ബന്ധപ്പെട്ടിരുന്നതായും മാര്‍ക്കസ് പറയുന്നു.

നേരത്തെ നാല് കോടിയോളം രൂപ മുടക്കിയാണ് സില്‍വയെ ബംഗളൂരു സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതാണ് രാജ്യത്തെ ഏറ്റവും മികച്ച സ്‌പോട്‌സ് ജേര്‍ണലിസ്റ്റ് എന്നറിയപ്പെടുന്ന മാര്‍ക്കസ് തള്ളികളയുന്നത്. മാത്രമല്ല എഫ്‌സി ഗോവയും കേരള ബ്ലാസ്‌റ്റേഴ്‌സും തള്ളി കളഞ്ഞ താരമായിരുന്നു സില്‍വയെന്ന സൂചനയും മാര്‍ക്കസ് പങ്കുവെക്കുന്നു.

കൂടാതെ ബംഗളൂരുവിന്റെ മറ്റൊരു ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ റാഫേല്‍ അഗസ്റ്റോ ക്ലബില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഐഎസ്എല്‍ ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാര്‍ക്കസ്.

നേരത്തെ ഒരു വര്‍ഷത്തേക്കാണ് ബംഗളൂരു എഫ്‌സിയുമായി സില്‍വ കരാറില്‍ ഒപ്പിച്ചത്. മികച്ച പ്രകടനം കാഴ്ച്ചവെക്കുകയാണെങ്കില്‍ കരാര്‍ രണ്ടാം വര്‍ഷത്തേക്കും നീട്ടാന്‍ വ്യവസ്ഥയുണ്ട്. തായ്‌ലന്‍ഡ് ലീഗിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് 33കാരനായ സില്‍വ. തായ്‌ലഡിലെ മുവാങ്‌തോങ് യുണൈറ്റഡിലും സുഫന്‍ബുരിയിലും ആയിരുന്നു കരിയറിന്റെ പ്രധാന ഭാഗം സില്‍വ ചിലവഴിച്ചത്.

ഇതു കൂടാതെ ചൈന, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലും സില്‍വ കളിച്ചിട്ടുണ്ട്. തായ്‌ലാന്റില്‍ 100ല്‍ അധികം ഗോളുകള്‍ അടിക്കുന്ന ആദ്യ വിദേശ താരമായി സില്‍വ മുമ്പ് മാറിയിരുന്നു.