പാഠം പഠിക്കാന്‍ ഒരുതോല്‍വി, ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേയ്ക്ക് മൂക്കും കുത്തി വീണു

ജംഷഡ്പൂര്‍ എഫ്‌സി 3-
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 0
ബാംബൊലിം (ഗോവ): ഐഎസ്എലില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സിനെ ജംഷഡ്പൂര്‍ എഫ്‌സി തടഞ്ഞു. രണ്ട് പെനല്‍റ്റി ഉള്‍പ്പെടെ മൂന്നു ഗോളിന് ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്‌സ് നിരയെ വീഴ്ത്തി. സീസണിലെ മൂന്നാം തോല്‍വി. ഒപ്പത്തിനൊപ്പം നിന്ന കളിയില്‍ ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ വഴങ്ങിയ പെനല്‍റ്റിയാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. ഗ്രെഗ് സ്റ്റുവര്‍ട്ടാണ് പെനല്‍റ്റിയിലൂടെ രണ്ട് ഗോളും നേടിയത്. ഒരെണ്ണം ഡാനിയേല്‍ ചുക്ക്വുവും. 14 കളിയില്‍ 23 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതാണ്. രണ്ടാം സ്ഥാനത്തായിരുന്നു ഈ മത്സരത്തിന് മുമ്പുവരെ.
നോര്‍ത്ത് ഈസ്റ്റിനെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പ്രതിരോധത്തില്‍ റുയ്-വാ ഹോര്‍മിപാമിന് പകരം എണെസ് സിപോവിച്ച് എത്തി. നിഷുകുമാറിന് പകരം ധെനെചന്ദ്രമീട്ടിയുമെത്തി. മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ പുയ്ട്ടിയ തിരിച്ചെത്തി. ആയുഷ് അധികാരിക്ക് പകരമാണ് പുയ്ട്ടിയ ഇറങ്ങിയത്. ജോര്‍ജ് ഡയസിന് പകരം വിന്‍സി ബരെറ്റോ ഇറങ്ങി. ജീക്‌സണ്‍ സിങ്, സഹല്‍ അബ്ദുള്‍ സമദ് എന്നിവരായിരുന്നു മധ്യനിരയിലെ മറ്റു താരങ്ങള്‍. മുന്നേറ്റത്തില്‍ അഡ്രിയാന്‍ ലൂണയും അല്‍വാരോ വാസ്‌കസും. ഗോള്‍ മുഖത്ത് പ്രഭ്‌സുഖന്‍ ഗില്‍.
ജംഷഡ്പുര്‍ മുന്നേറ്റത്തില്‍ ഡാനിയേല്‍ ചുക്ക്വുവും ഗ്രെഗ് സ്റ്റുവര്‍ട്ടുമായിരുന്നു. പ്രണോയ് ഹാല്‍ദെര്‍, ബോറിസ് സിങ്, റിത്വിക് ദാസ്, ജിതേന്ദ്ര സിങ് എന്നിവര്‍ മധ്യനിരയില്‍. റിക്കി ലാല്‍മാവ്മ, പീറ്റര്‍ ഹാര്‍ട്-ലി, എല്‍ സാബിയ, ലാല്‍ഡിന്‍ലിയാന റെന്ത്-ലെയ് പ്രതിരോധത്തില്‍. ഗോള്‍ കീപ്പര്‍ ടി പി രെഹ്നേഷ്.
𝒫𝒶𝓃𝑒𝓀𝒶 𝑜𝓃 𝓅𝑜𝒾𝓃𝓉 ft. Greg Stewart! 💯
Watch the #JFCKBFC game live on @DisneyPlusHS – https://t.co/KcxEoIkeRD and @OfficialJioTV
Live Updates: https://t.co/HVQzNYYKL3#HeroISL #LetsFootball | @JamshedpurFC pic.twitter.com/yXMz9K4qda
— Indian Super League (@IndSuperLeague) February 10, 2022
കളി തുടങ്ങി രണ്ടാംമിനിറ്റില്‍ ജംഷഡ്പൂരിന്റെ ആക്രണമായിരുന്നു. ചുക്വുവിന്റെ അപകടരമായ നീക്കത്തെ പ്രഭ്‌സുഖന്‍ സാഹസികമായി തടഞ്ഞു. ആദ്യ നിമിഷങ്ങളില്‍ കനത്ത ചെറുത്തുനില്‍പ്പ് നടത്തി. പതിനൊന്നാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ മറ്റൊരു നീക്കം സിപോവിച്ച് തടഞ്ഞു. മറുവശത്ത് ജംഷഡ്പൂര്‍ പ്രതിരോധവും മികച്ചുനിന്നു. പതിമൂന്നാം മിനിറ്റില്‍ ഗോള്‍മുഖത്തേക്കുള്ള ലൂണയുടെ തകര്‍പ്പന്‍ ക്രോസ് ഹാര്‍ട്-ലി തല കൊണ്ട് കുത്തിയകറ്റുകയായിരുന്നു. ഇതിനിടെ ലെസ്‌കോവിച്ചിനെ ഫൗള്‍ ചെയ്തതിന് ചുക്ക്വുവിന് മഞ്ഞക്കാര്‍ഡ് കിട്ടി.
ഇരുപത്തിനാലാം മിനിറ്റില്‍ ബരെറ്റോ പായിച്ച ഷോട്ട് ദുര്‍ബലമായി. രെഹ്നേഷ് അനായാസം കൈയിലൊതുക്കി. 30ാം മിനിറ്റില്‍ ലൂണയുടെ കോര്‍ണര്‍ കിക്ക് രെഹ്-നേഷ് തട്ടിയകറ്റി. 38ാം മിനിറ്റില്‍ ഗോള്‍ ഏരിയില്‍വച്ചുള്ള സ്റ്റുവര്‍ട്ടിന്റെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. മറുവശത്ത് ബ്ലാസ്റ്റേഴ്‌സിനും ഫ്രീകിക്ക് കിട്ടി. ലൂണയുടെ കിക്ക് നേരെ രെഹ്നേഷിന്റെ കൈകളിലേക്കായിരുന്നു. 43ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് പെനല്‍റ്റി വഴങ്ങി. സ്റ്റുവര്‍ട്ടിനെ ബോക്‌സില്‍ ധെനെചന്ദ്ര വലിച്ചിട്ടതിനായിരുന്നു ജംഷഡ്പൂരിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. സ്റ്റുവര്‍ട്ടിന്റെ കിക്ക് കൃത്യമായി വലയിലേക്ക്. ആദ്യപകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍. പന്തടക്കത്തിലും പാസുകളില്‍ ആദ്യ ഘട്ടത്തില്‍ പിന്നിലായി ബ്ലാസ്റ്റേഴ്‌സ്. പായിച്ച ഷോട്ടുകളിലും പിന്നില്‍നിന്നു.
രണ്ടാംപകുതിയില്‍ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. മധ്യനിരയില്‍ വിന്‍സി ബരെറ്റോയ്ക്ക് പകരം കെ പ്രശാന്ത് ഇറങ്ങി. എന്നാല്‍ രണ്ടാംപകുതി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പെനല്‍റ്റിയും വഴങ്ങി. ഇക്കുറി ബോറിസ് സിങ്ങിന്റെ വലതുപാര്‍ശ്വത്തിലൂടെയുള്ള അപകടരമായ മുന്നേറ്റം തടയാനുള്ള ലെസ്‌കോവിച്ചിന്റെ ശ്രമമാണ് പെനല്‍റ്റിയില്‍ കലാശിച്ചത്. ഫൗളെന്ന സംശയം ഉയര്‍ന്നെങ്കിലും റഫറി ജംഷഡ്പൂരിന് അനുകൂലമായി വിസിലൂതി. കിക്കെടുത്ത സ്റ്റുവര്‍ട്ടിന് ഇക്കുറിയും പിഴച്ചില്ല. ജംഷഡ്പൂര്‍ രണ്ട് ഗോളിന് മുന്നില്‍..
3️⃣ 𝐢𝐧 𝐚 𝐫𝐨𝐰 ⚽⚽⚽
Daniel Chukwu's fine form continues for @JamshedpurFC 💥#JFCKBFC #HeroISL #LetsFootball pic.twitter.com/RijoxCyDnE
— Indian Super League (@IndSuperLeague) February 10, 2022
രണ്ട് പെനല്‍റ്റി വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് തളര്‍ന്നു. ഇതിനിടെയായിരുന്നു ജംഷഡ്പൂരിന്റെ മൂന്നാംഗോള്‍. ചുക്ക്വുവിന്റെ കരുത്തുറ്റ ഷോട്ട് പ്രഭ്‌സുഖന്‍ ഗില്ലിന് തടയാനായില്ല. ബോറിസിന്റെ ഫ്രീകിക്കില്‍നിന്നായിരുന്നു ഗോള്‍.
പിന്നാലെ മീട്ടിയെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ് സന്ദീപ് സിങ്ങിനെ പ്രതിരോധത്തില്‍ കൊണ്ടുവന്നു. തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആവുംവിധം ശ്രമിച്ചു. സഹലിന്റെയും വാസ്‌കസിന്റെയും നീക്കങ്ങള്‍ പക്ഷേ, ലക്ഷ്യത്തിലെത്തിയില്ല. 78ാം മിനിറ്റില്‍ ലൂണയുടെ തകര്‍പ്പന്‍ നീക്കം ജംഷഡ്പൂര്‍ പ്രതിരോധ താരങ്ങള്‍ കൂട്ടമായി തടഞ്ഞെങ്കിലും റഫറി ഫൗള്‍ നല്‍കിയില്ല. വാക്‌സസിന്റെ ഷോട്ട് ഗോളി പിടിക്കുകയും ചെയ്തു. 80ാം മിനിറ്റില്‍ രണ്ട് മാറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വരുത്തി. സഹലിന് പകരം ചെഞ്ചോയും ലെസ്‌കോവിച്ചിന് പകരം ഹോര്‍മിപാമും എത്തി. 83ാം മിനിറ്റില്‍ ചെഞ്ചോ ഗോള്‍മുഖത്തുനിന്ന് നല്‍കിയ പന്ത് വാസ്‌കസ് പുറത്തേക്കടിച്ച് കളഞ്ഞു. അവസാന ഘട്ടത്തില്‍ പുയ്ട്ടിയക്ക് പകരം ഗിവ്‌സണ്‍ സിങ്ങുമെത്തി. തിരിച്ചടിക്കാനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
14ന് ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.