ആ അത്ഭുത താരത്തേയും റാഞ്ചുന്നു, രണ്ടും കല്‍പിച്ച് ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ കരുത്ത് കൂട്ടാന്‍ മികച്ച മുന്നൊരുക്കവുമായി മലയാളികളുടെ പ്രിയ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐ ലീഗില്‍ റിയല്‍ കാശ്മീരിനായി കളിക്കുന്ന യുവമിഡ്ഫീല്‍ഡര്‍ റിത്വിക് ദാസിനെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഉളളതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള താരമായ റിത്വിക് കഴിഞ്ഞ രണ്ടു സീസണുകളിലും റിയല്‍ കാശ്മീരിനൊപ്പമായിരുന്നു. ഡേവിഡ് റോബേര്‍ട്ട്സന്‍ പരിശീലിപ്പിക്കുന്ന അവര്‍ക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇതു തന്നെയാണ് ബ്ലാസ്റ്റേഴ്സിനെയും ആകര്‍ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ ഐ ലീഗില്‍ 900 മിനിറ്റിലകം റിത്വിക് റിയല്‍ കാശ്മീരിനായി പന്ത് തട്ടിയിരുന്നു. 11 ലീഗ് മല്‍സരങ്ങളില്‍ ആറിലും അദ്ദേഹം ആദ്യ ഇലവനിലുള്‍പ്പെട്ടിരുന്നു. നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീല്‍ഡര്‍മാരായ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്, ജീക്സണ്‍ സിങ് എന്നിവരോടായിരിക്കും ടീമിലെത്തിയാല്‍ സ്ഥാനത്തിനു വേണ്ടി റിത്വിക്കിനു പോരടിക്കേണ്ടിവരിക.

കഴിഞ്ഞ സീസണില്‍ പരിശീലിപ്പിച്ച എല്‍ക്കോ ഷറ്റോരിയെ പുറത്താക്കിയ ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് മോഹന്‍ ബഗാന് ഐ ലീഗ് കിരീടം നേടിക്കൊടുത്ത കിബു വിക്യുനയാണ്. പുതിയ സീസണില്‍ ആരെയൊക്കെ തനിക്കു ടീമില്‍ വേണമെന്ന് അദ്ദേഹം ഇതിനകം തീരുമാനിച്ചു കഴിഞ്ഞെന്നാണ് സൂചന. ഇവരിലൊരാളാണ് റിത്വിക്. ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കാനായാല്‍ അത് തന്റെ പ്രൊഫണല്‍ കരിയറിനെ മറ്റൊരു തരത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

You Might Also Like