കൊച്ചിയോ കോഴിക്കോടോ ഹോം ഗ്രൗണ്ട്; തീരുമാനം പ്രഖ്യാപിച്ച് ബ്ലാസ്‌റ്റേഴ്‌സ്

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും. കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയില്‍ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിതീകരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ സ്വന്തം ക്ലബ്ബും ഫുട്‌ബോള്‍ വികാരവുമാണ്. കേരളത്തിനകത്ത് മാത്രമല്ല ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആരാധകരാണ് ക്ലബ്ബിനെ പിന്തുണക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എപ്പോഴും ആരാധകരോട് വളരെയധികം ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ കേരളമാകമാനമുള്ള ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാനും, അതിനോടൊപ്പം കേരളത്തിന്റെ മനസിലെ ഫുട്ബാള്‍ എന്ന വികാരത്തെ കൂടുതല്‍ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ക്ലബ് ആഗ്രഹിക്കുന്നു. അതിനായി സംസ്ഥാനത്തെ ഇത്തരത്തില്‍ സൗകര്യങ്ങളുള്ള മൈതാനങ്ങള്‍ കണ്ടെത്താനും, അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുമുള്ള പരിശ്രമങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് തുടരുകതന്നെ ചെയ്യുമെന്നും ക്ലബ്ബ് അറിയിച്ചു.

കൂടാതെ കേരളത്തില്‍ വളര്‍ന്നുവരുന്ന മികച്ച കഴിവുകളുള്ള കളിക്കാരെ ‘പ്രൊഫെഷണല്‍ ഫുട്‌ബോളര്‍മാരായി’ വളര്‍ത്തിയെടുക്കുവാനും, അവരെ അന്താരാഷ്ട മത്സരങ്ങളില്‍ നമ്മുടെ സംസ്ഥാനത്തെയും, രാജ്യത്തെയും പ്രതിനിധീകരിക്കാന്‍ കഴിവുറ്റവരാക്കി മാറ്റിക്കൊണ്ട് കേരളത്തിന്റെ ഫുട്‌ബോള്‍ യശസ്സ് ലോകനിലവാരത്തില്‍ ഉയര്‍ത്തുന്നതിനും ബ്ലാസ്റ്റേഴ്സ് പരിശ്രമിക്കും.

കേരളത്തിലെ ഒരു ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, ഒരു പ്രത്യേക പ്രദേശത്തിന്റെ പേരില്‍ മാത്രമല്ല കേരളത്തിന്റെ ക്ലബ്ബായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും ക്ലബ്ബ് വ്യക്തമാക്കി